നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ദിവസങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമ മന്ത്രി പ്രൊഫ.ആര്‍ ബിന്ദു. ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ്എച്ച്എസ്എസില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകരില്‍ നിന്ന് നേരിട്ട് പാഠങ്ങള്‍ കേള്‍ക്കാനും പഠിക്കാനും സ്‌കൂള്‍ മുറ്റത്ത് കളിക്കാനും വീണ്ടും സാഹചര്യം ഒരുങ്ങി. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള പഴയഒത്തുചേരല്‍ കാലത്തേക്കുള്ള തിരിച്ചുപോക്ക് കൂടിയാണിത്. ഇതിനൊപ്പം സര്‍ഗാത്മക, കായിക പ്രവര്‍ത്തനങ്ങളും ഇനി സജീവമാവുകയാണ്. ഈ നല്ല ദിനങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ ജില്ലയില്‍ തുടങ്ങിവയ്ക്കുമെന്ന് ഡേവിസ് മാസ്റ്റര്‍ പറഞ്ഞു.

സെന്റ് ആന്റണീസ് എച്ച്എസ്എസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് രചിച്ച് ഈണം നല്‍കിയ ഗാനം അവര്‍ തന്നെ വേദിയില്‍ അവതരിപ്പിച്ചു. വരികള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ ചുവടുകള്‍ വച്ചു. തുടര്‍ന്ന് ജില്ലാതല പ്രവേശനോത്സവ ഗാനമായ ‘പൊതുവിദ്യാലയമുണരുന്നു, പൊന്‍പ്രഭ വാനില്‍ പടരുന്നു, പാഴിരുള്‍ മൂടിയ പാഠശാലയില്‍ പുഞ്ചിരിവെട്ടം തെളിയിന്നൂ…’ എന്ന ഗാനം ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത അധ്യാപകര്‍ ചേര്‍ന്ന് വേദിയിലവതരിപ്പിച്ചു. തളിക്കുളം ജി എം എല്‍ പി സ്‌കൂളിലെ കെ കെ തുളസി, നടവരമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക രാധിക സനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രവേശനോത്സവ ഗാനം രചിച്ചത്.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാ ദീപം പകര്‍ന്നു നല്‍കി. ചടങ്ങില്‍ നടന്‍ ജയരാജ് വാര്യര്‍, പൊതു വിദ്യാഭ്യാസ അഡീഷ്ണല്‍ ഡയറക്ടര്‍ സി എ സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, പാറളം ഗാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍, വൈസ് പ്രസിഡന്റ് സിബി സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ജോസഫ് ടാജറ്റ്, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ഡി ശ്രീജ, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ എം അഷ്‌റഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദീഖ്,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി മനോജ് കുമാര്‍, ചേര്‍പ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം വി സുനില്‍ കുമാര്‍,സെന്റ് ആന്റണീസ്എച്ച്എസ്എസ് അമ്മാടം മാനേജര്‍ ഫാ ജോണ്‍ കിടങ്ങന്‍, പ്രഥമാധ്യാപകന്‍ സ്‌റ്റൈനി ചാക്കോ, പ്രിന്‍സിപ്പല്‍ ടോബി തോമസ്, ഗവ എല്‍ പി സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് റിറ്റ വി ഒ, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ 1028 സ്‌കൂളുകളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.