ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്നിയമിച്ച ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അനുമോദന പത്രം കൈമാറി. 18 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ഇത്തരം സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനായെന്ന്കലക്ടര്‍ പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ സേവനം സഹായകരമായെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും കാരണവശാല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാതിരിക്കാനാണ്ഹാം റേഡിയോ ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ അമേച്വര്‍ സ്റ്റേഷന്‍ ഇന്‍ഡിവിജ്വല്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് ഉള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റേഴ്സ്. കുറച്ച് പവറില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ലോവര്‍ സൈഡ്, അപ്പര്‍ സൈഡ് ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വയര്‍ലെസ് സംവിധാനമാണ് ഇവര്‍ ഉപയോഗപ്പെടുത്തുക. 2018 ലെ പ്രളയ സാഹചര്യത്തില്‍ ജില്ലയിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചടങ്ങില്‍ എഡിഎം റെജി പി ജോസഫ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, ഹസാര്‍ഡ് അനാലിസ്റ്റ് സുസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.