സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന ആരംഭിച്ചു. 2020 ആഗസ്റ്റ്, 2021 ഫെബ്രുവരി മാസങ്ങളിലായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധനയാണ് നടക്കുന്നത്. ജില്ലയില്‍ ഭൂരഹിത ഭവനരഹിതരുടെ 11913 അപേക്ഷകളും ഭൂമിയുള്ള ഭവനരഹിതരായ 25042 അപേക്ഷകളുമടക്കം ആകെ 36955 അപേക്ഷകളാണ് ലഭിച്ചത്. അര്‍ഹത, മുന്‍ഗണനാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

നവംബര്‍ 30 നകം 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ലൈഫ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അപേക്ഷകരെ നേരിട്ട് സമീപിച്ച് അര്‍ഹതാ പരിശോധന നടത്തും. സമര്‍പ്പിച്ച അപേക്ഷകളിലെ തെറ്റുതിരുത്താനും രേഖകള്‍ അപ് ലോഡ് ചെയ്യാനും ഫീല്‍ഡ് പരിശോധന വേളയില്‍ അവസരമുണ്ടാകും. അപേക്ഷയില്‍ സമര്‍പ്പിക്കപ്പെട്ട റേഷന്‍ കാര്‍ഡില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

പരിശോധന നവംബര്‍ 30ന് പൂര്‍ത്തിയാക്കു. ഡിസംബര്‍ ഒന്നിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവര്‍ക്ക് ബ്ലോക്ക്, ജില്ലാതല അപ്പീലിന് അവസരമുണ്ട്. ഗ്രാമ/ വാര്‍ഡ് സഭാ അംഗീകാരത്തിന് ശേഷം 2022 ഫെബ്രുവരി 28 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

അര്‍ഹതാ പരിശോധന സമയബന്ധിതമായി കുറ്റമറ്റ രീതിയില്‍ നടത്താന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് , ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹരിദാസ്, ജില്ലയിലെ എല്ലാ നഗരസഭാ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വല്‍സന്‍ എം പദ്ധതി വിശദീകരിച്ചു.

ലൈഫ് മിഷന്‍: നഗരസഭാതലത്തില്‍ 3388 ഉം പഞ്ചായത്ത് തലത്തില്‍ 33567 ഉം അപേക്ഷകള്‍

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷിച്ചത് 36955 പേരാണ്. നഗരസഭാതലത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ 1346 പേരും ഭൂരഹിതഭവനരഹിതരായ 2042 പേരുമുള്‍പ്പെടെ 3388 പേരാണ് അപേക്ഷിച്ചത്. ഗ്രാമ പഞ്ചായത്ത്തലത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ 23696 പേരും ഭൂരഹിതഭവനരഹിതരായ 9871 പേരുമുള്‍പ്പടെ 33567 അപേക്ഷള്‍ ലഭിച്ചു.

നഗരസഭയില്‍ കൂടുതല്‍ അപേക്ഷകര്‍ കാഞ്ഞങ്ങാട്

ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളില്‍ നഗരസഭാതലത്തില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്ന്-1747 പേര്‍. ഭൂമിയുള്ള ഭവനരഹിതരായ 391 പേരും ഭൂരഹിതഭവനരഹിതരായ 1356 പേരുമാണ് കാഞ്ഞങ്ങാട് അപേക്ഷിച്ചത്. കാസര്‍കോട് നഗരസഭയില്‍ ഭൂമിയുള്ള ഭവനരഹിതരായ 398 പേരും ഭൂരഹിതഭവനരഹിതരായ 456 പേരുമുള്‍പ്പെടെ 854 പേരുമാണ് അപേക്ഷിച്ചത്. നീലേശ്വരം നഗരസഭയില്‍ ഭൂമിയുള്ള ഭവനരഹിതരായ 557 പേരും ഭൂരഹിതഭവനരഹിതരായ 230 പേരുമുള്‍പ്പെടെ 787 പേരാണ് അപേക്ഷിച്ചിട്ടുള്ളത്.

പഞ്ചായത്ത്തലത്തില്‍ കൂടുതല്‍ അപേക്ഷകര്‍ കുമ്പളയില്‍

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളില്‍ പഞ്ചായത്ത്തലത്തില്‍ കൂടുതല്‍ അപേക്ഷകര്‍ കുമ്പള പഞ്ചായത്തില്‍. ഭൂമിയുള്ള ഭവനരഹിതരായ 811 പേരും ഭൂരഹിത ഭവനരഹിതരായ 810 പേരുമുള്‍പ്പെടെ 1621 അപേക്ഷകളാണ് പഞ്ചായത്തില്‍ ലഭിച്ചത്.

(പഞ്ചായത്ത്, ഭൂമിയുള്ള ഭവനരഹിതരായ അപേക്ഷകര്‍, ഭൂരഹിതഭവനരഹിതരായ അപേക്ഷകര്‍, ആകെ അപേക്ഷകള്‍ എന്ന ക്രമത്തില്‍)
അജാനൂര്‍: 957, 407, 1364
ഈസ്റ്റ് എളേരി: 377, 73, 450
ഉദുമ: 391, 767, 1158
എന്‍കജെ: 1084, 156, 1240
കയ്യൂര്‍ ചീമേനി: 513, 48, 561
കള്ളാര്‍: 303, 51, 354
കാറഡുക്ക: 363, 97, 460
കിനാനൂര്‍ കരിന്തളം: 797, 90, 887
കുമ്പള: 811, 810, 1621
കുമ്പഡാജെ: 451, 42, 493
കുറ്റിക്കോല്‍: 893, 51, 944
കോടോം ബേളൂര്‍: 742, 85, 827
ചെങ്കള: 975, 699, 1674
ചെമ്മനാട്: 663, 622, 1285
ചെറുവത്തൂര്‍: 477, 180, 657
തൃക്കരിപ്പൂര്‍ : 391, 203, 594
ദേലംപാടി: 774, 32, 806
പടന്ന : 326, 174, 500
പനത്തടി: 734, 73, 807
പള്ളിക്കര: 710, 437, 1147
പിലിക്കോട്: 389, 41, 430
പുത്തിഗെ: 631, 153, 784
പുല്ലൂര്‍ പെരിയ: 778, 145, 923
പൈവളിഗെ: 823, 272, 1095
ബദിയടുക്ക : 1211, 309, 1520
ബളാല്‍: 499, 56, 555
ബേഡഡുക്ക: 730, 60, 790
ബെള്ളൂര്‍: 270, 13, 283
മഞ്ചേശ്വരം: 593, 968, 1561
മടിക്കൈ: 675, 71, 746
മധൂര്‍: 792, 669, 1461
മംഗല്‍പ്പാടി: 709, 850, 1559
മീഞ്ച: 634, 164, 798
മുളിയാര്‍: 367, 263, 630
മൊഗ്രാല്‍ പുത്തൂര്‍: 336, 351, 687
വലിയപറമ്പ: 397, 115, 512
വെസ്റ്റ് എളേരി: 529, 64, 593
വൊര്‍ക്കാടി: 601, 210, 811