സംസ്ഥാന സാക്ഷര താമിഷന്റെ പത്താംതരം തുല്യത പരീക്ഷയില്‍ ജില്ലയില്‍ 82 ശതമാനം ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയത് 487 പഠിതാക്കളാണ്. കന്നഡ മാധ്യമത്തില്‍ പരീക്ഷ എഴുതിയ 167 പഠിതാക്കളില്‍ 119 പേരും വിജയിച്ചു. ഭിന്നശേഷിക്കാരായ ആറ് പഠിതാക്കള്‍ വിജയിച്ചു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലും, പട്ടികജാതി വിഭാഗത്തിലും പരീക്ഷ എഴുതിയവരും ഉന്നത വിജയം നേടി.


കാര്‍ത്ത്യായനിയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

65 വയസുള്ള കാര്‍ത്ത്യായനി ഇത്തവണ പത്താംതരം തുല്യതാ പരീക്ഷ പാസായപ്പോള്‍ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഏഴാംതരം വരെ ഔപചാരികമായി പഠിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വലിയപറമ്പയാണ് വീട്. ബോട്ടില്‍ യാത്ര ചെയ്തു വേണമായിരുന്നു സ്‌കൂളില്‍ എത്താന്‍, എന്നാല്‍ അന്നത്തെ സാമൂഹ്യപരമായ ചുറ്റുപാടുകള്‍ കാര്‍ത്ത്യായനിയുടെ തുടര്‍ പഠനത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. പഠിക്കാനുള്ള ആഗ്രഹം കാരണം സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാ ക്ലാസില്‍ ചേരുകയും വിജയിക്കുകയും ചെയ്തു.

തുടര്‍ന്ന് വി.പി.പി.എം.കെ.പി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ പഠന കേന്ദ്രത്തില്‍ പ്രേരക് ചിത്ര കെ.പി മുഖാന്തരം പത്താംതരം തുല്യതയ്ക്ക് ചേര്‍ന്ന് പഠിച്ചു. കോവിഡ് കാലഘട്ടമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെയുള്ള പഠനം ആദ്യമൊക്കെ പ്രയാസമായിരുന്നെങ്കിലും പഠിക്കുക എന്ന ലക്ഷ്യം മുന്നിലുള്ളത് കൊണ്ട് ആ തടസ്സങ്ങളെല്ലാം മാറ്റുകയായിരുന്നു.

പ്രായമായിട്ടും എന്തിനാണ് പഠിക്കാന്‍ പോകുന്നത് എന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ ചോദിച്ചപ്പോഴും അതൊന്നിനും കാര്‍ത്യായനി മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് അതിനേല്ലാം ഉത്തരമായി കാര്‍ത്ത്യായനി പറയുന്നത് പല കാര്യങ്ങളും തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്നും നിയമപരമായി പലതും അറിയാന്‍ കഴിഞ്ഞു എന്നുമാണ്. ഓരോ ക്ലാസില്‍ പഠിക്കുമ്പോഴും പുതിയ പുതിയ അറിവ് ലഭിക്കുന്നത് കൊണ്ട് തന്നെ. തുടര്‍ന്നും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക ചേര്‍ന്ന് പഠിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ത്ത്യായനി.