കാസര്‍കോട് ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ കേരള സ്റ്റേറ്റ് ആര്‍ടിസിയില്‍ ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, സിഎച്ച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എകെഎം അഷറഫ്, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ ഉള്‍പ്പടെ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മുളിയാര്‍ സി എച്ച്സിയില്‍ നിലവിലുള്ള സൗകര്യം ഉപയോഗിച്ച് ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജ് ഒ പി വിഭാഗം ആരംഭിക്കുന്നതിനുള്ള പ്രൊപോസല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് അയച്ചു. അക്കാദമിക ബ്ലോക്കിന്റെ കെട്ടിട പ്രവൃത്തി പൂര്‍ത്തിയായാല്‍ ഒ.പി ആരംഭിക്കാനാണ് നിര്‍ദ്ദേശം.

പാണത്തൂര്‍-കല്ലപ്പള്ളി റോഡിന്റെ ആദ്യഭാഗം നവീകരിക്കുന്നതിന് അഞ്ചു കോടി രൂപയുടെ പദ്ധതിക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഭരണാനുമതി നല്‍കി. ജില്ലയില്‍ റീസര്‍വേയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഇരുഭാഗങ്ങളിലും ഒരു കിലോമീറ്റര്‍ സംരക്ഷണഭിത്തി നിര്‍മിച്ചിട്ടുണ്ടെന്നും നീലേശ്വരം മേഖലയിലെ ഉപ്പുവെള്ളം കയറ്റുന്നത് തടയാന്‍ 45 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി, എംഎല്‍എ, എം പി ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി എന്നിവ അവലോകനം ചെയ്തു.