പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രഖ്യാപനം നടത്തി. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് ഒരാഴ്ചക്കാലം നീണ്ടു നിന്ന ക്യാമ്പയിന്‍ മത്സരമാക്കി പുല്ലൂര്‍-പെരിയ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പുതിയ മാതൃകയാവുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ പദ്ധതി വിശദീകരിച്ചു.

‘ശുചിത്വ ഗ്രാമം ശുചിത്വ ഭവനം’ ഒരു പുല്ലൂര്‍-പെരിയ മാതൃക

ശുചിത്വ വഴിയില്‍ ഹരിതകര്‍മ്മ സേന, വിവിധ ക്ലബ്ബുകള്‍, എന്‍.ജി.ഒ സംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് വാര്‍ഡു തലത്തില്‍ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നായി 3000 ത്തിലധികം പേര്‍ മത്സരത്തിന്റെ ഭാഗമായി. പദ്ധതി നടത്തിപ്പിനായി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെല്ലാമായി പഞ്ചായത്തില്‍ യോഗം ചേര്‍ന്ന്, ശുചീകരണത്തിനായി പ്രവര്‍ത്തന രേഖ തയ്യാറാക്കി.

വിവിധ സംഘങ്ങള്‍ക്ക് ശുചീകരണത്തിനായി വ്യത്യസ്ത സ്ഥലങ്ങള്‍ നല്‍കി. പഞ്ചായത്തിനകത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്, ഇലട്രോണിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന ശേഖരിച്ചു. പഞ്ചായത്തിലെ മാലിന്യം നിറഞ്ഞ പ്രദേശം മുഴുവന്‍ ശുചീകരിച്ച് അവിടെ മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചു. ജലസ്രോതസ്സുകളിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. പഞ്ചായത്തിനകത്ത് ശുചിത്വ കലണ്ടര്‍ വിതരണം ചെയ്തു.

പുനരുപയോഗ യോഗ്യമായ വസ്തുക്കള്‍ക്കായി സ്വാപ് ഷോപ്പ്

പുനരുപയോഗത്തിന് സാധ്യമായ വസ്തുക്കള്‍ വീണ്ടും ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ സ്വാപ് ഷോപ്പ് പ്രവര്‍ത്തിച്ച വരികയാണ്. വസ്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഈ കടയിലൂടെ പുന:ചംക്രമണം ചെയ്യുന്നു. നാമമാത്രമായ തുകയ്ക്ക് ജനങ്ങള്‍ക്ക് ഈ കടയില്‍ നിന്നും ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം. സാരി, ചുരിദാര്‍, മുണ്ട്, ഷര്‍ട്ട്, കുട്ടിയുടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍, മൊബൈല്‍ ചാര്‍ജര്‍, എമര്‍ജന്‍സി, പാത്രങ്ങള്‍, കസേര, മേശ, മിക്സി, വാഷിങ് മിഷീന്‍, പാഠ പുസ്തകങ്ങള്‍, റഫറന്‍സ് പുസ്തകങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വസ്തുക്കള്‍ കടയിലൂടെ ഉപയോഗ യോഗ്യമായി ജനങ്ങളിലേക്കെത്തും.

ശുചിത്വം തുടരാന്‍ കൂടുതല്‍ പദ്ധതികള്‍

റിങ് കമ്പോസ്റ്റ്, ബയോബിന്‍ വ്യാപിപ്പിക്കാനും എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഗ്രാമരമ ബോട്ടില്‍ ബൂത്ത്, വ്യക്തിഗത ശൗചാലയങ്ങള്‍, ശചിത്വ ബോധവത്കരണ ക്യാമ്പയിന്‍, എല്ലാ വീടുകളിലും ഖലദ്രവ്യ മാലിന്യ സംസ്‌ക്കരണ യൂണിറ്റ്, ഹരിതകര്‍മ്മ സേനയ്ക്ക് തുണിസഞ്ചി യൂനിറ്റ്, ടേക്ക് എ ബ്രേക്ക് തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടത്തി വരുന്നത്.

ശുചിത്വ പ്രഖ്യാപന ചടങ്ങില്‍ പഞ്ചയാത്ത് വൈസ് പ്രസിഡണ്ട് എ കാര്‍ത്യായനി, മെമ്പര്‍മാരായ ടി.രാമകൃഷ്ണന്‍, എം വി നാരായണന്‍, രതീഷ്.ആര്‍, ടി.വി അശോകന്‍ , അംബിക, രജനി. പി, ഷീബ വി.ഇ.ഒ മാരായ ജിജേഷ് വി ശശിന്ദ്രന്‍, പ്രവീണ്‍ കുമാര്‍ കെ സി. ഹരിത കേരള മിഷന്‍ ആര്‍.പി അഭിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.