കാസര്‍കോട് ജില്ലയിലെ ശുചീകരണ ജീവനക്കാരോട് സംവദിച്ച് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗമായ കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റസ് സെക്രട്ടറി ഡോ. പി.പി.വാവ. സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം ശുചീകരണ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ടു. പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിച്ചു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പ് മേധാവികള്‍, നഗരസഭാ സെക്രട്ടറിമാര്‍, നഗരസഭകളിലെ ശുചീകരണ ജീവനക്കാര്‍, സഫായി കര്‍മാചരികളുടെ പ്രതിനിധികള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുമായി കമ്മീഷന്‍ അംഗം ചര്‍ച്ച നടത്തി.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ഗോപി കൊച്ചൂരാന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി.എ, അസി. കോര്‍ഡിനേറ്റര്‍ കെ.വി. പ്രേമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കാസര്‍കോട് അമെയ് കോളനിയില്‍ സന്ദര്‍ശനം നടത്തി ശുചീകരണ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവിടെ താമസിക്കുന്നവരുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.