മണ്ണിന്റെ നനവും ചെടികളിലെ ഉന്‍മേഷവും അവയിലെ പൂവും കായും ഇനി കാസര്‍കോട് ജുവനൈല്‍ ഹോമിലെ കുഞ്ഞുങ്ങളുടെ മനസ്സുകള്‍ കീഴടക്കും. കൃഷി വകുപ്പിന്റെ പ്രൊജക്ട് അധിഷ്ടിത പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി ജുവനൈല്‍ ഹോമില്‍ പച്ചക്കറി കൃഷി പദ്ധതിയ്ക്ക് തുടക്കമായി. കാബേജ്, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി തൈകളാണ് ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്ക് നല്‍കിയത്. പതിനഞ്ചിലധികം കുട്ടികളാണ് ഇവിടെയുള്ളത്.

ഗ്രോബാഗുകളും പച്ചക്കറി തൈകളും വെണ്ട, മത്തന്‍, വെള്ളരി തുടങ്ങിയ വിത്തുകളും സബ്ഡിഡിയായി പമ്പ് സെറ്റുമാണ് കൃഷി വകുപ്പ് നല്‍കിയത്. പമ്പ് സെറ്റിന് മാത്രമായി വകുപ്പ് 21000 രൂപയാണ് സബ്സിഡി നല്‍കിയത്. ജുവനൈല്‍ ഹോമിലെ കിണറില്‍ നിന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് ഇനി കുട്ടികള്‍ക്ക് പച്ചക്കറികള്‍ പരിപാലിക്കാം. ഗ്രോബാഗ് കൃഷിക്ക് പുറമേ മണ്ണില്‍ ചാലു വലിച്ചും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.

രണ്ടോ മൂന്നോ ഗ്രോബാഗുകളിലെ ചെടികളെ പരിചരിക്കാന്‍ ഓരോ കുട്ടിക്കും അവസരം ലഭിക്കും. അതിന്റെ വളര്‍ച്ചയും നിത്യവുമുള്ള നിരീക്ഷണവും കുട്ടികളിലെ കുറ്റവാസനകളെ കുറക്കാന്‍ സഹായിച്ച് അവര്‍ക്ക് പുതിയ അനുഭവമാകുമെന്നും ചെടികള്‍ നടാനും പരിചരിക്കാനും കുട്ടികള്‍ക്ക് വളരെ ഉത്സാഹമാണെന്നും എന്‍.ഡബ്ല്യു.ഡി.പി.ആര്‍.എ ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുള മുരളീധരന്‍ പറഞ്ഞു. ആദ്യ ദിനം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി ഉള്‍പ്പെടെയുള്ള കൃഷി ഉദ്യോഗസ്ഥര്‍ക്കൊപ്പം കുട്ടികള്‍ പച്ചക്കറി തൈകള്‍ നട്ടു നനച്ചു.

വിമണ്‍ ആന്റ് ചൈല്‍ഡ് കെയറിലും പച്ചക്കറികറി തൈകളും ഗ്രോ ബാഗും വിതരണം ചെയ്തു. രണ്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ കൃഷിയില്‍ വലിയ താല്‍പര്യം കാണിക്കുന്നവരാണെന്നും അതിനാല്‍ പദ്ധതി വിജയമാകുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.