കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ചരിത്രമുറങ്ങുന്ന വയനാട് പുസ്തകം ജില്ലയുടെ സര്‍വ്വ വിജ്ഞാനകോശമാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര വംശത്തിന്റെ അനുഷ്ഠാനങ്ങളും, ആചാരങ്ങളും കുറിക്കപ്പെട്ട ഈ പുസ്തകം വയനാടിന്റെ സംസ്‌കാരിക പൈതൃകത്തില്‍ ഗോത്ര വിഭാഗത്തിന്റെ പങ്ക് അടയാളപ്പെടുത്തുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വലിയ പരിമിതിയുണ്ട്. ബാലസഭയുടെ ചരിത്ര പുസ്തക നിര്‍മ്മിതിയില്‍ സ്ത്രീകള്‍ക്കുണ്ടായ നിസ്തൂലമായ പങ്ക് ഇതിനെല്ലാം തിരുത്താവുകയാണ്. പ്രധാനങ്ങളും, ശ്രദ്ധ നേടാത്തതുമായ സംഭവങ്ങള്‍ക്ക് ഈ പുസ്തകം ഇടം നല്‍കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മഹത്തായ വിപ്ലവമാണ് കുടുംബശ്രീ പ്രസ്ഥാനം. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനൊപ്പം സംസ്‌കാരിക ഉന്നമനവും സാധ്യമാകുമെന്ന് ചരിത്ര പുസ്തക രചനയിലൂടെ കുടുംബശ്രീ തെളിയിക്കുകയാണ്.

നിരന്തരവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണ് സ്ത്രീയ്ക്ക് മുന്നേറാന്‍ കഴിയുക. നിലവിലെ സാമൂഹിക വ്യവസ്ഥതിയില്‍ സ്ത്രീകള്‍ക്ക് തുച്ഛമായ പ്രാതിനിധ്യമാണ് ലഭിക്കുന്നത്. സമകാലിക ജീവിത സാഹചര്യത്തില്‍ സ്ത്രീകള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ വൈവിധ്യങ്ങളും പഠന ക്രമത്തിന്റെ ഭാഗമാണ്. ദളിത് ജീവിത മുന്നേറ്റത്തില്‍ ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രാഥമിക തലം മുതല്‍ ഗോത്രഭാഷയില്‍ പഠിക്കുന്നതിനുള്ള അവസരം ഈ വിഭാഗക്കാര്‍ക്ക് ലഭ്യമാകണം. അതിനായി ഗോത്രഭാഷ അറിയുന്നവര്‍ തന്നെ ഇവരെ പഠിപ്പിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളെല്ലാം അപരനായി തീരുകയാണെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയോടാണ് എല്ലാവര്‍ക്കും പ്രിയം. മാതൃഭാഷയില്‍ ഉറച്ചതിന് ശേഷം മാത്രം അന്യഭാഷ നമ്മുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് വരട്ടെ എന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ മൂന്നു വര്‍ഷം കൊണ്ടാണ് ചരിത്രമുറങ്ങുന്ന വയനാട് പുസ്തകം തയ്യാറാക്കിയത്. ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും ചരിത്രം പ്രമുഖ വ്യക്തികളുടെയും, പുസ്തകങ്ങളുടെയും സഹായത്തോടെ ശേഖരിച്ചാണ് രണ്ട് വാല്യങ്ങളിലായി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ ഒ.കെ. ജോണി പുസ്തകം ഏറ്റുവാങ്ങി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, എഴുത്തുകാരന്‍ ഡോ. അസീസ് തരുവണ, ഡെപ്യൂട്ടി പ്ലാനിംങ് ഓഫീസര്‍ സുഭദ്ര നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ പി.നിഷാദ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, എ.ഡി.എം.സി വാസു പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന റിസോര്‍സ് പേഴ്‌സണ്‍ സി.കെ. പവിത്രനാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. ജില്ലാ പ്രോഗാം മാനേജര്‍ കെ.ജെ. ബിജോയ്, ഡോ. സുമ വിഷ്ണുദാസ്, പി.സി. മാത്യു, എ. ശിവദാസന്‍ എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍.