ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സഹായത്തോടെ കോവിഡ് കാലത്തിനനുയോജ്യമായ മാതൃകാ സ്മാര്‍ട്ട് ക്ലാസ്സ്മുറികളൊരുങ്ങി. ക്ലാസ്സ്മുറികള്‍ ഇന്ന് ( ബുധന്‍) നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് കൊടുക്കും. ചടങ്ങില്‍ നഗരസഭാംഗങ്ങള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇത്തരം ഒരു പദ്ധതി സ്‌കൂളില്‍ സജ്ജമാക്കുന്നത്. നഗരസഭയുടെ ടി.എസ്.പി. ഫണ്ടില്‍ നിന്നും, കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി ഏഴരലക്ഷം രൂപ മുടക്കി വാങ്ങിയ ഇരിപ്പിടങ്ങളാണ് ആറു ക്ലസുകളിലായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ കുട്ടിക്കും അകലം പാലിച്ചിരിക്കാനുതകുന്ന ആധുനിക ഇരിപ്പിടങ്ങള്‍ സമ്പര്‍ക്കം മൂലം കോവിഡ് വ്യാപനം വരാതെ കുട്ടികളെ ബയോ ബബിള്‍ മാതൃകയില്‍ സംരക്ഷണം ഒരുക്കുന്നു. കൂടാതെ അധ്യാപകരുടെയും പി.ടി.എയുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഓരോ ക്ലാസ്സിലും ഇതിനനുസൃതമായി പശ്ചാത്തലസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ ഓരോ ക്ലാസ്സും വിവിധ സബ്ജക്ട് റൂമുകളാക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. വിഷയങ്ങള്‍ ഉന്നത നിലവാരത്തില്‍ പഠിക്കുന്നതിനുളള സൗകര്യങ്ങളും ഓരോ ക്ലാസ്സ് മുറികളിലുമുണ്ട്. പദ്ധതിക്ക് വയനാട് ഡയറ്റ് അക്കാദമിക പിന്തുണ നല്‍കും. നിലവില്‍ ആറ് ക്ലാസ്സ്മുറികളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഏറ്റവും സന്തോഷപ്രദമായ ഇടമാക്കി സ്‌കൂളിനെ മാറ്റുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ‘കരുതല്‍’ എന്ന പേരില്‍ നാമകരണം ചെയ്ത ഈ പദ്ധതി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മുഴുവന്‍ ക്ലാസ്സ് മുറികളിലും നടപ്പിലാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.