ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) യുടെ ഉടമസ്ഥതയിലുള്ള ഗോശ്രീ-ബോള്‍ഗാട്ടി പാലം, ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലം, വല്ലാര്‍പാടം – വൈപ്പിന്‍ പാലം എന്നിവയിലെ കുഴിയടയ്ക്കല്‍ അടക്കമുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജിഡ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. അനിയന്ത്രിതമായ മഴയെ തുടര്‍ന്ന് പാലത്തിലും അപ്രോച്ച് റോഡുകളിലും പ്രതലം തകര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കുഴിയടയ്ക്കല്‍ ആരംഭിച്ചെങ്കിലും മഴ മൂലം പൂര്‍ത്തീകരിക്കാനായിട്ടില്ല. പാലത്തില്‍ ഗതാഗത തിരക്കുള്ളതിനാല്‍ രാത്രികാലങ്ങളിലാണ് അറ്റകുറ്റപ്പണികള്‍ നടത്താനാകുക. മഴ കുറയുന്ന മുറയ്ക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
ഇതിനു പുറമെ ആദ്യത്തെ പാലത്തിന്റെ പ്രതലം പുനര്‍ നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തി കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതും ഉടന്‍ ആരംഭിക്കും.
ഗോശ്രീ പാലങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലത്തിന്റെ കൈവരികളിലെ പെയ്ന്റിംഗ് ജോലികള്‍ ഉള്‍പ്പടെയുള്ളവ പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റു രണ്ടു പാലങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയിക്കുന്നതിനും നടപടി സ്വീകരിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു