ആദിപമ്പ, വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ അന്തിമ മാസ്റ്റര്‍പ്ലാന്‍ ഓഗസ്റ്റ് ഒന്‍പതിന് പൂര്‍ത്തിയാക്കും. വരട്ടാര്‍, ആദിപമ്പ നദികളുടെ ജലാഗമനമാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനും നിലവിലുള്ള നീര്‍ത്തടങ്ങളെ പരിപോഷിപ്പിച്ച് ആദിപമ്പയുടേയും വരട്ടാറിന്റെയും ജലനിരപ്പ് സുസ്ഥിരമാക്കുന്നതിനുമുള്ള പദ്ധതികളാണ് പുതിയ മാസ്റ്റര്‍പ്ലാനില്‍ ആവഷ്‌കരിക്കുന്നത്. പുതിയ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ആദിപമ്പയുടെയും വരട്ടാറിന്റെയും തീരത്ത് വിപുലമായ ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കും. ഇതിന്റെ ഭാഗമായി ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, ഇറിഗേഷന്‍ വകുപ്പ്, ഹരിതകേരളം മിഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ആദിപമ്പയുടേയും വരട്ടാറിന്റെയും വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി. ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിലെ ഡോ.പ്രീത നിലയന്‍കോട്, ഡോ. രാജശേഖരന്‍, ഹരിതകേരളം മിഷനിലെ എസ്.യു. സഞ്ജീവ്, ടി.പി. സുധാകരന്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ബിനു ബേബി, വരട്ടാര്‍ പുനരുജ്ജീവന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
ഓഗസ്റ്റ് എട്ട്, ഒന്‍പത് തിയതികളിലായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന ജനകീയ കണ്‍വന്‍ഷനില്‍ ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷന്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലാനിന് അന്തിമരൂപം നല്‍കും.
ആദിപമ്പയുടേയും വരട്ടാറിന്റെയും തീരത്തായി ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ജൈവവൈവിധ്യ പാര്‍ക്കില്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യസമ്പത്തിനെ കുറിച്ചുള്ള ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിവിധയിനം മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ഇവയ്ക്ക് ക്യൂആര്‍ കോഡ് നല്‍കി സംരക്ഷിക്കുകയും ചെയ്യും. ഭാവിയില്‍ കുട്ടികള്‍ക്കും ഗവേഷകര്‍ക്കുമുള്ള പഠനകേന്ദ്രമായി നദീതീരത്തെ മാറ്റുകയാണ് ജൈവവൈവിധ്യ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ശുചിത്വമിഷനുമായി ചേര്‍ന്ന് നദി മാലിന്യമുക്തമാക്കുന്നതിനുള്ള പരിപാടികള്‍, നീര്‍ത്തടവികസന പദ്ധതികള്‍, നാല് പുതിയ പാലങ്ങളുടെ നിര്‍മാണം, വികസന പരിപാടികള്‍ എന്നിവയും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. വരട്ടാറിന്റെ പത്തനംതിട്ട ജില്ലയിലെ നീര്‍ത്തട മാസറ്റര്‍ പ്ലാന്‍ ഇതിനോടകം തയാറായിട്ടുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പദ്ധതികള്‍ സംയോജിപ്പിച്ച് കൊണ്ടാണ് രണ്ടാംഘട്ടം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടങ്ങിയ സെക്രട്ടറിയേറ്റ് ആണ് മാസ്റ്റര്‍ പ്ലാനിന് വേണ്ടി പ്രവര്‍ത്തിക്കുക.
സംയോജിത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി ഈമാസം 21ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ ഓഫീസില്‍ വച്ച് വരട്ടാര്‍ തീരത്ത് വരുന്ന പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം ചേരും. അതേദിവസം ഉച്ചയ്ക്ക് ശേഷം കൃഷിവകുപ്പ്, റവന്യൂവകുപ്പ്, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ഇറിഗേഷന്‍ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സെക്രട്ടറിയേറ്റ് മാസ്റ്റര്‍പ്ലാന്‍ ഏകോപിപ്പിക്കുന്നതിനുള്ള യോഗം കൂടും. 28ന് എംഎല്‍എയുടെ ഓഫീസില്‍ വെച്ച് രൂപരേഖ പ്ലാനിന് അന്തിമ രൂപം നല്‍കുന്നതിനായി വീണ്ടും വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.
ഉദ്യോഗസ്ഥ പ്രതിനിധികളുടെ സെക്രട്ടറിയേറ്റ് തയാറാക്കിയ പദ്ധതിക്ക് അന്തിമരൂപമാക്കുന്നതിന് ഓഗസ്റ്റ് എട്ട്,ഒന്‍പത് തിയതികളിലായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വച്ച് പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, വരട്ടാറിന്റെയും ആദ്യപമ്പയുടേയും തീരത്ത് താമസിക്കുന്നവരുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് ജൈവവൈവിധ്യ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. കണ്‍വന്‍ഷന്റെ ആദ്യദിനം മാസ്റ്റര്‍ പ്ലാന്‍ വിശദമായി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യും. ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷന്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ അന്തിമമാക്കും.