പട്ടികവർഗ വിഭാഗക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റമാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. കുര്യോട്ടുമല കമ്മ്യൂണിറ്റി ഹാളിൽ നടന്ന കോഴിവളർത്തൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വർഗ വിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ധാരാളം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനമാണ് ഓരോ പദ്ധതിയുടെയും ലക്ഷ്യം. ത്രിതല പഞ്ചായത്തുകളും ഇതിനായി പ്രവർത്തിക്കണം. സംസ്ഥാനത്തെ പട്ടികവർഗക്കാർക്ക് വിവിധ പദ്ധതികൾ നടത്തുന്നതിനായി 183.10 കോടി രൂപയാണ് സംസ്ഥാന സർക്കാർഈ സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായും വിവിധ പദ്ധതികളുണ്ട്. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

കൂടും കോഴിയും വിതരണോൽഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്. പട്ടികവർഗക്കാർക്ക് വരുമാനം എന്നനിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ഗുണഭോക്താവിന് 100 മുട്ട കോഴിയും ഒരു കൂടും കോഴി തീറ്റയുമാണ് വിതരണം ചെയ്യുന്നത്. കുര്യോട്ടുമല കോളനിയിലെ 20 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷനായി. പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ്, വാർഡ് മെമ്പർ ജെസ്സി തോമസ്, മാനേജിങ് ഡയറക്ടർ വിനോദ് ജോൺ, പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഷുമിൻ. എസ്. ബാബു, ഊരുമൂപ്പൻ എസ്സാക്കി തുടങ്ങിയവർ പങ്കെടുത്തു.