നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി, കേരള ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പാൻ ഇന്ത്യ ലീഗൽ അവേർനസ് ആൻഡ് ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അട്ടപ്പാടി, പാലക്കാട് മേഖലകളിലെ പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ നിയമ എൻട്രൻസ് പരിശീലനം ആരംഭിച്ചു. മലമ്പുഴ ആശ്രമം ട്രൈബൽ സ്കൂളിൽ നടന്ന പരിശീലനം പരിപാടി കേരള ഹൈകോർട്ട് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ ഡോ. ബി. കലാം പാഷ അധ്യക്ഷനായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വി.ജി അനുപമയുടെ നേതൃത്വത്തിൽ, പ്രൊഫ. ഡോ.കെ.ഐ ജയശങ്കർ, പ്രൊഫ.ഡോ. ഗിരീഷ് കുമാർ എന്നിവർ പരിശീലന ക്ലാസുകൾ നടത്തി.
2022 മെയിൽ നടക്കുന്ന നിയമ എൻട്രൻസ് പരീക്ഷക്കായുള്ള പരിശീലനത്തിന് നവംബർ മുതലുള്ള ടൈം ടേബിൾ തയ്യാറാക്കി. പരിപാടിയിൽ ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ്‌, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ മല്ലിക, അട്ടപ്പാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ സുരേഷ് കുമാർ , സുബിത ചിറക്കൽ എന്നിവർ സംസാരിച്ചു.