ജില്ലയില്‍ പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചര വര്‍ഷ (2016 – 21) കാലയളവില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിവര്‍ഷാനുകൂല്യമായി നല്‍കിയത് 16,84,23,996 രൂപയാണ്. മരണാനന്തര ധനസഹായമായി 1224 പേര്‍ക്ക് 23, 06,924 രൂപ വിതരണം ചെയ്തു. വിവാഹ ധനസഹായമായി 86 ലക്ഷം രൂപ, പ്രസവാനുകൂല്യമായി 28,32, 500 രൂപ, ചികിത്സാ സഹായമായി 3,90000 രൂപ, വിദ്യാഭ്യാസ സഹായമായി 30,06828 രൂപ 1525 പേര്‍ക്ക് ഇതുവരെ അനുവദിച്ചതായും കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ലീന അറിയിച്ചു. കോവിഡ് ധനസഹായമായി 67,850 പേര്‍ക്ക് 13,5700000 രൂപ വിതരണം നടത്തി.

ഈ വര്‍ഷം ഓഗസ്റ്റ് 16 മുതല്‍ വിവാഹ, മരണാനന്തര ധനസഹായം 2000 രൂപയില്‍ നിന്നും 5000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ചികിത്സാ സഹായം 2500 രൂപയില്‍ നിന്നും 4000 രൂപയായും ഉയര്‍ത്തി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കിയിരുന്ന ചികിത്സാ ധനസഹായം മൂന്ന് വര്‍ഷത്തിലൊരിക്കലായും നിജപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ആനുകൂല്യമായി 16,33,500 രൂപ ജില്ലയിലെ അര്‍ഹരായ 519 കുട്ടികള്‍ക്ക് നല്‍കിയതായും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അറുപത് വയസ് വരെ അംശാദായം അടച്ചു കഴിഞ്ഞവര്‍ക്കാണ് അധിവര്‍ഷാനുകൂല്യം ലഭിക്കുന്നത്. 1990 കളില്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്ന സമയത്ത് രണ്ട് രൂപയായിരുന്ന അംശാദായം 2008 ല്‍ അഞ്ചു രൂപയും 2020 ജനുവരി മുതല്‍ 20 രൂപയുമാണ്.

യന്ത്രവത്ക്കരണത്തിന്റെ നാളിലും കൊയ്ത്തുപാട്ടിന്റെ ഈണം

മുതലമട ഗ്രാമപഞ്ചായത്ത് കുറ്റിപ്പാടം പാടശേഖരത്തിലെ കൊയ്ത്ത് ഇപ്പോഴും കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെയാണ് നടന്നുവരുന്നത്. ഞാറുനടീല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം പാട്ടിന്റെ ഈരടികളില്‍ നിറഞ്ഞു നില്‍ക്കും. കുറ്റിപ്പാടം സ്വദേശി മണിയും സംഘവുമാണ് കൊയ്ത്തുപാട്ടിന്റെ പിന്തുടര്‍ച്ചക്കാര്‍.

മുതലമടയില്‍ ഏകദേശം 540 ഹെക്ടറോളം നെല്‍കൃഷിയുണ്ട്. കൊയ്ത്തിനും നടീലുമായാണ് പ്രധാനമായും പരമ്പരാഗത കര്‍ഷകത്തൊഴിലാളികളെ ഉപയോഗിച്ച് വരുന്നത്. നിലമൊരുക്കല്‍, നെല്ല് ഉണക്കല്‍ തുടങ്ങിയ സംസ്‌ക്കരണ പ്രവൃത്തികളും ഇക്കൂട്ടര്‍ ചെയ്തു വരുന്നു. യന്ത്രം തീരെ ഇറങ്ങാത്ത പാടശേഖരങ്ങളും മുതലമട പഞ്ചായത്തിനു കീഴിലുണ്ട്. പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ പ്രതിമാസം 1600 രൂപയാണ് ഗ്രാമപഞ്ചായത്തുകള്‍ മുഖേന പെന്‍ഷനായി ലഭിക്കുന്നത്.