തിരുവനന്തപുരം: നവംബർ 12ന് കൊടിയേറുന്ന വെട്ടുകാട് പള്ളി തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ അനിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

തിരുനാളിന് മുന്നോടിയായി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് യോഗം നിർദേശിച്ചു. കുടിവെള്ളത്തിനായി വലിയ ടാങ്ക് സ്ഥാപിക്കുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും നടപടി സ്വീകരിയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷന് നിർദേശം നൽകി. തിരുന്നാൾ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്താനും തീരുമാനമായി.
പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് വെട്ടുകാട് പള്ളി തിരുനാൾ നടത്തുന്നത്. കുർബാനയ്ക്ക് ഒരു സമയം 400 പേർക്ക് പങ്കെടുക്കാം. വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി നിജയപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികളും വളണ്ടിയർമാരും നിർബന്ധമായും കോവിഡ് വാക്സിൻ എടുത്തിരിക്കണം. പ്രദേശത്ത് മെഡിക്കൽ ടീമിന്റെ സാന്നിധ്യവും മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നവംബർ 21 വരെയാണ് തിരുനാൾ ആഘോഷം.
വെട്ടുകാട് ക്രൈസ്റ്റ് ദി കിംഗ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.കെ രാജു, സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, എ.ഡി.എം ഇ. മുഹമ്മദ് സഫീർ, ശംഖുംമുഖം കൗൺസിലർ സെറാഫിൻ ഫ്രെഡി, പാരിഷ് പ്രീസ്റ്റ് റവ.ഫാദർ ജോർജ് ജെ.ഗോമസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.