പയസ്വിനി മിനി ഡാം നിര്‍മ്മാണം സംബന്ധിച്ച് പഠനം നടത്താൻ പ്രാഥമിക അവലോകന യോഗം തീരുമാനിച്ചു. ജില്ലയിലെ ജല ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളിലെ ഡാം നിര്‍മ്മാണ പദ്ധതി നിലവില്‍ നടപ്പിലാക്കാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. 1970-90 കാലഘട്ടങ്ങളില്‍ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഉയരക്കൂടുതല്‍, മറ്റ് പ്രശ്‌നങ്ങൾ എന്നിവ കാരണം പ്രൊജക്ട് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ തന്നെ നിര്‍ത്തലാക്കേണ്ടി വന്ന പദ്ധതിയാണിത്.
പയസ്വിനി ഡാം നിര്‍മ്മാണം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജന പ്രതിനിധികളുമായി പദ്ധതിയുടെ ആവശ്യകതയും സാധ്യതകളും ചര്‍ച്ച ചെയ്തു.
കാസര്‍കോട് ജില്ല 12 നദികളാല്‍ അനുഗ്രഹീതമാണെങ്കിലും വലിയ ഡാമുകള്‍ ഇല്ലാത്തതിനാല്‍ വേനല്‍ കാലം നീണ്ടുപോകുകയാണെങ്കില്‍ കുടിവെളളം അടക്കമുളള സ്രോതസ്സുകള്‍ ഇല്ലാതാകുന്ന സാഹചര്യം നിലവിലുണ്ട്. 3350 മില്ലി മീറ്റർ ശരാശരി വാര്‍ഷിക മഴ ലഭ്യതയും 5719 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വാര്‍ഷിക ജല ലഭ്യതയും ഉളള ജില്ലയിലെ നിലവിലുളള ജലത്തിന്റെ ആവശ്യകത 993 മില്ല്യണ്‍ ക്യൂബിക് മീറ്റര്‍ ആണ്.
കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളില്‍ ഡാമുകള്‍ സ്ഥാപിക്കുന്നതിലൂടെ ജില്ലയിലെ ജലസേചന, കുടിവെളള പ്രശ്‌നങ്ങള്‍ക്ക് വലിയ അളവ് വരെ
പരിഹാരമാകും. പയസ്വിനി ഡാം നിര്‍മ്മാണം സാധ്യമായാല്‍ ക്യാച്ച്‌മെന്റ് ഏരിയ ഉള്‍പ്പെടുന്ന ജില്ലയിലെ കാറഡുക്ക, ദേലമ്പാടി, മുളിയാര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ജലസേചനത്തിനും ഭൂഗര്‍ഭജല റീചാര്‍ജ്ജിനും പദ്ധതി ഗുണം ചെയ്യും. കൂടാതെ ജില്ലയില്‍ മിനി/മൈക്രോ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനും സാധിക്കും.
യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, കാറഡുക്ക, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ദേലമ്പാടി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, ഇറിഗേഷന്‍ എ.ഇ, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.