കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ളാഗ്ഓഫ് നടത്തി. 14,88,000 രൂപയാണ് ആംബുലൻസിനായി എം.പി അനുവദിച്ചത്.
കോവിഡ് മാരിയുടെ മൂന്നാം തരംഗത്തെ ചെറുക്കാൻ സ്വയം പ്രതിരോധമാണ് പോംവഴിയെന്ന് എം.പി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എം.പി ഫണ്ട് കൂടുതലും കോവിഡ് സംബന്ധമായ കാര്യങ്ങൾക്കാണ് വിനിയോഗിച്ച് വരുന്നതെന്നും മംഗൽപാടി താലൂക്ക് ആശുപത്രിക്കും മുളിയാർ സി.എച്ച്.സിക്കും ജനറൽ ആശുപത്രിക്കൊപ്പം ആംബുലൻസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങളേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണെന്ന കേന്ദ്ര നിർദ്ദേശമനുസരിച്ച് പരമാവധി ഫണ്ട് വിനിയോഗിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്ത് വിശ്രമമില്ലാതെ സമൂഹത്തെ സേവിച്ച ആരോഗ്യ പ്രവർത്തകരെ എം.പി അഭിനന്ദിച്ചു.
ചടങ്ങിൽ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കാസർകോട് ആർ.ഡി.ഒ അതുൽ. എസ് നാഥ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലീദ് പച്ചക്കാട്, ശ്രീലത ടീച്ചര്‍, മുഹമ്മദ് സാലി, കരുണ്‍ ഥാപ്പ, ഖലീല്‍ എരിയാല്‍, സണ്ണി അരമന തുടങ്ങിയവർ സംസാരിച്ചു.
കാസര്‍കോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീര്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ രാജാറാം നന്ദിയും പറഞ്ഞു. ചടങ്ങിൽ കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ ആംബുലൻസ് ഡൈവർമാരെ ആദരിച്ചു. ജുവനേഷ് കെ.എം, കെ.അബ്ദുൾ റഹിമാൻ, വേണുഗോപാലൻ, വിജേഷ്, അഹമ്മദ് സാബിർ, ഡേവിസ് പി.യു, മണികണ്ഠൻ.ഇ, രവിചന്ദ്ര, കൃഷ്ണൻ, രഘു എന്നിവർക്ക് എം.പി ഉപഹാരം വിതരണം ചെയ്തു. തുടർന്ന് ജില്ലയിലെ ചാർജ് മാനുള്ള ഉപഹാരം എ.കെ.അഖിലിന് നൽകി.