പുനരുപയോഗസാധ്യതയില്ലാത്ത ഊര്‍ജ സ്രോതസുകളെ വൈദ്യുതോല്‍പ്പാദനത്തില്‍ സംസ്ഥാനം ആശ്രയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും പരമാവധി ഊര്‍ജോല്പാദനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിയാല്‍ പൂര്‍ത്തിയാക്കിയ അരീപ്പാറ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം കൊണ്ട് ആഭ്യന്തരമായി വൈദ്യുതോല്‍പ്പാദനം കൂടുതല്‍ മെച്ചപ്പെടുത്തും. ജലവൈദ്യുത പദ്ധതികളുടെ ശേഷിവര്‍ധിപ്പിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകും ഇവ നടപ്പിലാക്കുകയെന്നും കേരളത്തെ ഒരു വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇരുവഴിഞ്ഞി പുഴയിലെ ജലം ഉപയോഗപ്പെടുത്തുന്ന അരീപ്പാറ പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 14 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിക്കാനാണ് സിയാല്‍ ലക്ഷ്യമിടുന്നത്. റണ്‍ ഓഫ് ദ റിവര്‍ പ്രൊജക്റ്റായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.