സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സമത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമം പദ്ധതിയുടെ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 23ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാ, കായിക, സാംസ്‌കാരിക രംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ജില്ലയിലെ വനിതകളെ ആദരിക്കുവാനും തീരുമാനമായി.

പ്രമുഖ വനിതകളെ തെരഞ്ഞെടുക്കുന്നതിനായി വനിത ശിശു വികസന ഓഫീസര്‍ , ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ , ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി , വജ്രജൂബിലി കോര്‍ഡിനേറ്റര്‍ എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ചു. കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ബോധവത്കരണ, കലാപരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്യുന്നത്.

പഞ്ചായത്ത്, വാര്‍ഡ് തലത്തിലും വിവിധ പരിപാടികള്‍ നടത്തും. യോഗത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം ഷബീറലി, യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, ജില്ലാ യൂത്ത് പ്രോഗാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.