കോവിഡ്-19 പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) പത്തിന് മുകളിലായ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് നവംബര്‍ ഒമ്പത് മുതല്‍ 15 വരെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു. ഡബ്ല്യു.ഐ.പി.ആര്‍ 10.49 ആണ്.

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ചതിനാല്‍ കയ്യൂര്‍-ചീമേണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 കാക്കടവ്, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 കാലിച്ചാനഡുക്കം, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് വില്ലാരംപതി എന്നിവയെ നവംബര്‍ ഒമ്പത് മുതല്‍ 15 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.


നിയന്ത്രണങ്ങള്‍

*കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ ജനസേവനകേന്ദ്രങ്ങള്‍ എന്നിവയക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

*കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിതമാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

* സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ /മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.

സര്‍ക്കാര്‍ തീരുമാനപ്രകാരം നല്‍കുന്ന അധിക ഇളവുകള്‍

* വിവാഹം, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ മരണാനന്തര ചടങ്ങുകള്‍, പൊതു ചടങ്ങുകള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികള്‍ എന്നിവയ്ക്ക് അടിച്ചിട്ട വേദികളില്‍ പരമാവധി 100 പേരെയും തുറസ്സായ വേദികളില്‍ പരമാവധി 200 പേരെയും പങ്കെടുപ്പിക്കാം. ചെറിയ വേദികളില്‍, വേദിയുടെ വലുപ്പത്തിന് ആനുപാതികമായി സാമൂഹ്യ അകലം പാലിക്കാന്‍ പറ്റുന്നവണ്ണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടതാണ്.

* സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഒക്ടോബര്‍ 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു ഡോസ് കോവിഡ് വാക്സിന്‍ എങ്കിലും സ്വീകരിച്ചവരെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ആരോഗ്യ വകുപ്പ് സിനിമ തിയറ്ററുകള്‍ക്കായി പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോകോള്‍ മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതാണ്.

* പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റെഗുലര്‍ ക്ലാസുകള്‍ നവംബര്‍ എട്ട് മുതല്‍ ആരംഭിക്കാന്‍ അനുമതിയുണ്ട്. ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ ക്ലാസുകളും എട്ടു മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.