ലോക യുവജന നൈപുണ്യ ദിനമായ ജൂലൈ 15ന് ജില്ലയിലെ അഞ്ച് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലും അസാപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തയ്ക്കാവ് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാധ്യക്ഷ രജനി പ്രദീപ് മുഖ്യാ തിഥിയായിരുന്നു. അസാപ്പിന്റെ ക്വാളിറ്റി വിഭാഗം തലവന്‍ പ്രൊഫ.പ്രകാശം മുഖ്യപ്രഭാഷണം നടത്തി. അടൂര്‍ ജിജിഎച്ച്എസ്എസ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്യാം ഭദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൂട ല്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍ അധ്യക്ഷത വഹിച്ചു. കീക്കൊഴൂര്‍ ഹൈസ്‌കൂളില്‍ നടന്ന ആഘോഷം രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടപ്ര കെഎസ്ജിഎച്ച്എസ്എസില്‍ നടന്ന പരിപാടി കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിവിധ തൊഴില്‍ വിഷയങ്ങളില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സ്‌കില്‍ എക്‌സിബിഷന്‍സ്, വിവിധ തൊഴില്‍ മേഖലകളിലെ സാധ്യതകളെ പരിചയപ്പെടുത്തല്‍, മറ്റ് സാംസ്‌കാരിക പരിപാടികള്‍ ചടങ്ങുകളോടനുബന്ധിച്ച് നടന്നു.