വലിയ  വ്യവസായങ്ങള്‍ക്ക് സാധ്യത കുറവുള്ള കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുവാന്‍ സിഎഫ്ആര്‍ഡി പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റില്‍ (സിഎഫ്ആര്‍ഡി) പുതുതായി ആരംഭിക്കുന്ന എംബിഎ കോളേജിന്റെ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട രംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുള്ള സാങ്കേതിക വിദ്യ സിഎഫ്ആര്‍ഡിക്ക് ഉണ്ട്. സിഎഫ്ആര്‍ഡി കോളേജില്‍ ഫുഡ് ടെക്‌നോളജിയില്‍ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവിടെനിന്നും പഠിച്ചിറങ്ങുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്ന സ്ഥിതിയാണുള്ളത്. ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ അഭാവം മൂലമാണ് ഇവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. സംരംഭകത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അറിവ് നല്‍കത്തക്കവിധം രൂപകല്‍പ്പന          ചെയ്തിട്ടുള്ള എംബിഎ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് എന്ന കോഴ്‌സ് ആരംഭിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. കേരളത്തിന്റെ  സംസ്ഥാന ഫലമായ ചക്ക ഉള്‍പ്പെടെയുള്ള ഫലങ്ങളില്‍ നിന്നും നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുവാന്‍ കഴിയും. ഇത്തരത്തില്‍ സംരംഭകരെ വാര്‍ത്തെടുക്കുന്നതിന് എംബിഎ കോഴ്‌സിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സിഎഫ്ആര്‍ഡിയില്‍ നിന്നും ഫുഡ് ടെക്‌നോളജിയില്‍ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരില്‍ ഭൂരിപക്ഷവും വിദേശങ്ങളില്‍ ജോലി ചെയ്യുന്നതായാണ് മനസിലാക്കുന്നത്. സപ്ലൈകോയിലും ഗുണനിലവാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍തൊഴില്‍ സാധ്യതകളാണുള്ളത്. എം.ബി.എ കോഴ്‌സ് കൂടി ആരംഭിക്കുന്നതോടെ ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും വിദഗ്ദ്ധരെ സൃഷ്ടിക്കുന്ന ഒരു സ്ഥാപനമായി സിഎഫ്ആര്‍ഡി മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഭക്ഷ്യവകുപ്പ്  കഴിഞ്ഞ രണ്ട് വര്‍ഷക്കാലം റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളും റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നത് സംബന്ധിക്കുന്ന നടപടികളിലും   മുഴുകിയിരുന്നു. ഇതുമൂലം സിഎഫ്ആര്‍ഡിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ പോരായ്മ പരിഹരിച്ച് സിഎഫ്ആര്‍ഡിയെ ഒരു മാതൃകാസ്ഥാപനമാക്കി മാറ്റുന്നതിനുള്ള എല്ലാ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിഎഫ്ആര്‍ഡിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ക്രമീകരിക്കുന്നതിനു ള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോളേജിന് വാഹനം  അനുവദിക്കുന്ന വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കോന്നി സിഎഫ്ആര്‍ഡി കോളേജിന്റെ പ്രവ ര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പുതിയ പ്രിന്‍സിപ്പലിനെയും പുതിയ ഡയറക്ടറെയും ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയോര മേഖലയായ കോന്നിയുടെ വികസനത്തിന് സിഎഫ്ആര്‍ഡി ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായും പുതുതായി ആരംഭിക്കുന്ന എംബിഎ കോഴ്‌സ് ജില്ലയില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് പുതിയ സംരംഭകരെ സൃഷ്ടിക്കുന്നതിന് സഹായകര മാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, സിഎഫ്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് റ്റി.എസ്.ശശിധരന്‍ നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി വിനോദ്, ഗ്രാമപഞ്ചായത്തംഗം കെ.ജി.മാത്യു പറപ്പള്ളില്‍, രാഷ്ട്രീയ കക്ഷിനേതാക്കളായ എ.പി.ജയന്‍, ജി.മനോജ്, സ്റ്റാന്‍ലി ചള്ളയ്ക്കല്‍, റ്റി.ഐ.അബ്ദുള്‍ മുത്തലിഫ്, പ്രൊഫ.ഡി.ബാബുചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭക്ഷ്യസംസ്‌കരണ രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിന് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ വികസനം നടത്തുന്ന സ്ഥാപനമാണ് സംസ്ഥാന ഭക്ഷ്യവകുപ്പിന് കീഴില്‍ കോന്നി പെരിഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്(സിഎഫ്ആര്‍ഡി). 2005ലാണ് സിഎഫ്ആര്‍ഡി പ്രവ ര്‍ത്തനം ആരംഭിച്ചത്. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്ത് താത്പര്യമുള്ളവര്‍ക്കും സിഎഫ്ആര്‍ഡിയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നതിന് അന്തര്‍ദേശീയ നിലവാരമുള്ള ഒരു ലബോറട്ടറിയും തദ്ദേശീയ ഭക്ഷ്യസംസ്‌കരണ സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന ബി.എസ്.സി, എം.എസ്.സി ഫുഡ്‌ടെക്‌നോളജി കോഴ്‌സുകളും സിഎഫ്ആര്‍ഡിയില്‍ നടത്തുന്നുണ്ട്. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതോടൊപ്പം ഇവ ഉപയോഗപ്പെടുത്തി വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎഫ്ആര്‍ഡി സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ എംബി എ (ഫുഡ് ബിസിനസ് മാനേജ്‌മെന്റ്) കോളേജ് ആരംഭിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന എം.ബി.എ കോളേജിന്റെ കെട്ടിടത്തിന് 4.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ഹൗസിംഗ് ബോര്‍ഡിനാണ് ഇതിന്റെ നിര്‍മാണ ചുമതല.