കോന്നി കേന്ദ്രീയ വിദ്യാലയം താത്ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അട്ടച്ചാക്കല്‍ സെന്റ്‌ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. അടൂര്‍ പ്രകാശ് എംഎല്‍എയോടൊപ്പം അട്ടച്ചക്കാല്‍ സ്‌കൂളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. എട്ട് ക്ലാസ് മുറികള്‍, രണ്ട് സ്റ്റാഫ് റൂമുകള്‍, ഓഫീസ് റൂം, ടോയ്‌ലറ്റ് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നത്. ജനകീയ കൂട്ടായ്മയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക് പൂര്‍ത്തീകരണ        സര്‍ട്ടിഫിക്കറ്റ് കൈമാറുമെന്ന് കളക്ടര്‍ പറഞ്ഞു. പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അധികൃതരുടെ പരിശോധന ഉണ്ടാകും. ഈ പരിശോധനയില്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി വരുത്തി ആഗസ്റ്റ് ഒന്നിന് അഡ്മിഷന്‍ ആരംഭിക്കത്തക്കവിധമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും കളക്ടര്‍ പറഞ്ഞു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളാണ് കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ ഈ വര്‍ഷം ആരംഭിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും അട്ടച്ചാക്കല്‍ സെന്റ്‌ജോര്‍ജ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, അട്ടച്ചാക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.ത്യാഗരാജന്‍, സ്‌കൂള്‍ മാനേജര്‍ ഫാ.ജയ്‌സണ്‍, അപ്രേം റമ്പാന്‍, ശ്രീകുമാര്‍, പിടിഎ പ്രസിഡന്റ് വിദ്യാധരന്‍, കോന്നി കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എല്‍.രാകേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.