ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പുളിക്കീഴ് വാട്ടര്‍ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 60 പുതപ്പുകള്‍ ലഭിച്ചു. അഷ്വര്‍ എന്ന സംഘടനയാണ് പുതപ്പുകള്‍ വാങ്ങി നല്‍കിയത്. ഇന്നലെ വൈകുന്നേരം പുതപ്പ് ക്യാമ്പുകളില്‍ വിതരണം ചെയ്തു.
പുളിക്കീഴ് വാട്ടര്‍ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ദുരിതാശ്വാസ ക്യാമ്പിനു സമീപം വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്നു വിലപ്പെട്ട സാധന, സാമഗ്രികള്‍ എടുത്തു മാറ്റുന്നവര്‍ നട്ടുച്ചയ്ക്ക് തണുത്തു വിറയ്ക്കുന്നതു കണ്ടതിനെ തുടര്‍ന്ന് പുതപ്പ് അടിയന്തിരമായി ലഭ്യമാക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് അഷ്വറിന്റെ ഭാരവാഹികളെ മന്ത്രി ഫോണില്‍ വിളിക്കുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ വീടിനുള്ളില്‍ നിന്നു സാധനങ്ങള്‍ എടുത്തു മാറ്റുന്നവരോട് ക്യാമ്പിലേക്ക് സുരക്ഷിതരായി മാറണമെന്ന്് മന്ത്രി അഭ്യര്‍ഥിച്ചു. ഇവര്‍ക്കാവശ്യമായ എല്ലാ സഹായവും ലഭ്യമാക്കണമെന്ന് തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന് നിര്‍ദേശം നല്‍കിയ ശേഷമാണ് മന്ത്രി ഇവിടെ നിന്നും മടങ്ങിയത്.