കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി, പിജി, പ്രൊഫഷനല്‍ ഡിഗ്രി, പ്രൊഫഷനല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ. പോളി ടെക്‌നിക്, ജനറല്‍ നഴ്‌സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ, എന്നീ കോഴ്‌സുകളിലേതെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് മാത്രമേ അവാര്‍ഡിന് അര്‍ഹതയുള്ളൂ.

ആര്‍ട്‌സില്‍ 60ശതമാനത്തിലും, കൊമേഴ്‌സില്‍ 70ശതമാനത്തിലും, സയന്‍സില്‍ 80ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഡിസംബര്‍ 31ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിലും അപേക്ഷാ തീയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശിക ഉണ്ടാകാന്‍ പാടില്ല. ഫേമിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും www.agriworkersfund.orgലും ലഭിക്കും.