ഒരു രാജ്യം, ഒറ്റ നികുതി’ എന്ന ലക്ഷ്യത്തിലൂന്നി ചരക്ക് സേവന നികുതി നടപ്പാക്കി നാലു വർഷം പിന്നിട്ട അവസരത്തിൽ ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള അനുഭവങ്ങളെ കുറിച്ച് ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 12, 13 തീയതികളിൽ നികുതി, പൊതുധനകാര്യ മേഖലയിലെ പഠനങ്ങൾക്കായുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) ആണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ, ജി.എസ്.ടി നടപ്പാക്കിയിട്ടുള്ള വിവിധ വിദേശ രാജ്യങ്ങളിലെ വിദഗ്ധരും സെമിനാറിൽ പങ്കെടുക്കുമെന്ന് ഗിഫ്റ്റ് ഡയറക്ടർ പ്രൊഫസർ ഡോ.കെ.ജെ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സാമ്പത്തിക, നികുതി വിദഗ്ദ്ധർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങി ജി.എസ്.ടിയുമായി വിവിധ തലങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്നവരുടെ വിദഗ്ധാഭിപ്രായങ്ങളും ആശയങ്ങളും പങ്ക് വയ്ക്കുകയാണ് രാജ്യാന്തര സെമിനാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ 12ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും.  ധനമന്ത്രി കെ.എൻ. ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും.  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ മുൻ ഡയറക്ടറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ എം.ഗോവിന്ദറാവു മുഖ്യപ്രഭാഷണം നടത്തും. ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ. ജോസഫ് സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ എൽ. അനിതകുമാരി നന്ദിയും പറയും. പതിനൊന്ന് സെഷനുകളിലായി ജി.എസ്.ടി നടപ്പാക്കിയതിന്റെ വിവിധ വശങ്ങൾ സെമിനാർ ചർച്ച ചെയ്യും.

ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയതിന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ആദ്യ സെഷനിൽ സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ് അധ്യക്ഷത വഹിക്കും. തമിഴ്‌നാട് അഡിഷണൽ ചീഫ് സെക്രട്ടറി എസ്. കൃഷ്ണൻ, മുൻ ഫിനാൻസ് സെക്രട്ടറിയും ഇപ്പോൾ ഒഡിഷ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോക് കുമാർ മീണ, തമിഴ്‌നാട് പ്രിൻസിപ്പൽ സെക്രട്ടറി എം.എ. സിദ്ദിഖ്, പുതുച്ചേരി ഭവന നിർമ്മാണ, നഗരാസൂത്രണ വകുപ്പ് സെക്രട്ടറി കെ. മഹേഷ്, സി.ജി.എസ്.ടി കമ്മീഷണർ ഗിരിധർ ജി. പൈ, സംസ്ഥാന എസ്.ജി.എസ്.ടി കമ്മീഷണർ ഡോ. രത്തൻ യു. വേൽക്കർ എന്നിവർ സംസാരിക്കും.

‘ജി.എസ്.ടി ഇനിയങ്ങോട്ട്’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മദ്രാസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ഓണററി പ്രൊഫസർ ഡി.കെ. ശ്രീവാസ്തവ അധ്യക്ഷനാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ (എൻ.ഐ.പി.എഫ്.പി) പ്രൊഫസർ പിനാക്കി ചക്രവർത്തി, എൻ.ഐ.പി.എഫ്.പി പ്രൊഫസർ ആർ. കവിത റാവൂ, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സീനിയർ പ്രൊഫസർ സെബാസ്റ്റ്യൻ മോറിസ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ വി.എസ്. ദത്തി, എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും.
‘ജി.എസ്.ടിയും സംസ്ഥാനങ്ങളുടെ ധനകാര്യവും’ എന്ന വിഷയത്തിലെ ചർച്ചയിൽ എൻ.ഐ.പി.എഫ്.പി. പ്രൊഫസർ ആർ. കവിത റാവു അധ്യക്ഷത വഹിക്കും.

പ്രൊഫസർ അചിൻ ചക്രവർത്തി, ഡോ. ഹരികൃഷ്ണ ദ്വിവേദി, ഡോ. സുദീപ് കുമാർ സിൻഹ, പ്രൊഫസർ കെ.ജെ. ജോസഫ്, എൽ. അനിതകുമാരി, ഡോ. എസ്. കെ ഡാഷ്, ഡോ. കിരൺകുമാർ കക്കർലപുടി, ഡോ. എൻ. രാമലിംഗം എന്നിവർ സംസാരിക്കും.
രാജ്യാന്തര അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന അഞ്ചാം സെഷനിൽ ഡോ. തോമസ് ഐസക് അധ്യക്ഷത വഹിക്കും. പ്രൊഫസർ അനീസ ബെയ്ഗ്, പ്രൊഫസർ എംഫോ ലെഗോട്ട് (സൗത്ത് ആഫ്രിക്ക), പ്രോഫസർ സോഫിയ മേയർ (യൂറോപ്യൻ കമ്മീഷൻ), പ്രൊഫസർ ജുവാൻ കാർലോസ് മൊറിനോ ബ്രിഡ് (മെക്‌സിക്കോ), പ്രൊഫസർ ഡിബോറ ഫ്രയർ (ബ്രസീൽ) എന്നിവർക്ക് പുറമെ കാനഡയിൽ നിന്നുള്ള പ്രൊഫസർ പിയറി പാസ്‌കൽ ജെൻഡ്രോൺ പ്രത്യേക പ്രഭാഷണവും നിർവഹിക്കും.

ജി.എസ്.ടിയും സാമ്പത്തിക രംഗവും എന്ന വിഷയത്തിലുള്ള സെഷനിൽ കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ അചിൻ ചക്രവർത്തി അധ്യക്ഷത വഹിക്കും. ഡോ. സെബാസ്റ്റ്യൻ മോറിസ്, ഡോ. അജയ് പാണ്‌ഡെ, ഡോ. ശോഭേഷ് അഗർവാല, ഡോ. ആസ്ത അഗർവാല, ഡോ. പാർമ ചക്രവർത്തി, ഡോ. സക്കറിയ സിദിഖി, ഡോ. അനുപ് എസ്. കുമാർ, ഡോ. എസ്. കെ ഡാഷ്, ഡോ. ഷൈജൻ ഡേവിസ് എന്നിവർ സംസാരിക്കും.

എട്ടാം സെഷനിൽ ഗിഫ്റ്റ് ഓസ്‌ട്രേലിയ ഫെലോ പ്രൊഫസർ നാനാക്ക് കക്കവാനി അധ്യക്ഷനാകും. ദവെ ആനന്ദ്, പാട്രിക് വിൽസൺ (ന്യൂസിലാൻഡ്), പ്രൊഫസർ മതിയാസ് സിന്നിങ് (ആസ്‌ട്രേലിയ), പ്രൊഫസർ ബിൻ ട്രാൻ നാം, പ്രൊഫസർ യാൻ ഷു (ആസ്‌ട്രേലിയ), ഡോ. ജൽവീർസിംഗ് റിയർ (മലേഷ്യ) എന്നിവർ പങ്കെടുക്കും.

സംസ്ഥാനതല അനുഭവങ്ങളെകുറിച്ചുള്ള ചർച്ചയിൽ ഗിഫ്റ്റ് ഓണററി ഫെലോ ആർ. മോഹൻ അധ്യക്ഷത വഹിക്കും. ഡോ. അമരേന്ദ്ര ദാസ്, ഡോ. സുഖ്‌വിന്ദർ സിംഗ്, ജതിന്ദർ സിംഗ്, ഡോ. യാദവേന്ദ്രസിംഗ്, ഡോ. സഖറിയ സിദ്ദിഖി എന്നിവർ സംസാരിക്കും.
‘ജി.എസ്.ടിയും നഷ്ടപരിഹാരവും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പ്രൊഫസർ പിനാക്കി ഭട്ടാചാര്യ അധ്യക്ഷത വഹിക്കും.

ഡോ. സച്ചിദാനന്ദ മുഖർജി, പ്രൊഫസർ അസിത് ആർ. മൊഹന്തി, ഡോ. എൻ. രാമലിംഗം, ഡോ. പാർമ ചക്രവർത്തി എന്നിവർ സംസാരിക്കും. തുടർന്നുള്ള സെഷനിൽ എൻ.ഐ.പി.എഫ്.പി പ്രൊഫസർ ലേഖ ചക്രവർത്തി അധ്യക്ഷത വഹിക്കും. ഡോ. ദിലീപ്കുമാർ ചാറ്റർജി, ഡോ. രോഹിത് ഖണ്ഡ, ഡോ. ഹരീഷ് ഹാൻഡ, ഡോ. ജി.എസ്. ഭല്ല, ഡോ. പി.എസ്. രഞ്ജിത്ത്, ഡോ. സഖറിയ സിദ്ദിഖി, ഡോ. സന്തോഷ്‌കുമാർ ഡാഷ് എന്നിവർ പങ്കെടുക്കും.

സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷത വഹിക്കും.  ഗിഫ്റ്റ് വിശിഷ്ട ഫെലോ, പ്രൊഫസർ എം.എ. ഉമ്മൻ, നികുതി വകുപ്പ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് പ്രൊഫസർ കെ.എൻ. ഹരിലാൽ, ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ഗിഫ്റ്റ് മുൻ ഡയറക്ടർമാരായ ഡോ. എ.വി. ജോസ്, ഡോ. ഡി. നാരായണ, ഡയറക്ടർ പ്രൊഫസർ കെ.ജെ. ജോസഫ് എന്നിവർ സംസാരിക്കും.