*ഒന്നാം സമ്മാനം പത്തുകോടി
പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിനു നൽകി നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി വർഷമായ 2017ൽ പത്തുകോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പർ ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ചത് ലാഭകരമായതിനെത്തുടർന്നാണ് ഇക്കുറിയും ബമ്പർ സമ്മാനത്തുക പത്തുകോടിയാക്കിയത്.
സർക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വില്പനയുടെ പുരോഗതി വിലയിരുത്തി പത്ത് പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് അറിയിച്ചു.
സെപ്റ്റംബർ 19 നാണ് ബമ്പർ നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി പത്തുപേർക്ക് അമ്പതു ലക്ഷം വീതം അഞ്ചു കോടി രൂപയും ഇരുപതുപേർക്ക് പത്തുലക്ഷം വീതം രണ്ടുകോടി രൂപ മൂന്നാം സമ്മാനമായും ഇരുപതു പേർക്ക് അഞ്ചുലക്ഷം വീതം രണ്ടുകോടി രൂപ നാലാം സമ്മാനമായും ലഭിക്കും. കൂടാതെ, അഞ്ചാം സമ്മാനമായി അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപയും 5000, 3000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റു വില 250 രൂപയാണ്.
ചടങ്ങൽ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ആർ. രാജഗോപാൽ, ജോയിന്റ് ഡയറക്ടർ ജി. ഗീതാദേവി തുടങ്ങിയവർ സംബന്ധിച്ചു.