വയനാട്: സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംമ്പര്‍ – 2018 ന്റെ ജില്ലാതല പ്രകാശനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സമ്മാന തുക വയനാട്ടിലെ സാധാരണക്കാര്‍ക്കു ലഭിക്കട്ടെയെന്നു അവര്‍ ആശംസിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ എസ്. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയര്‍ സുപ്രണ്ട് ടി.എസ് രാജു, ലോട്ടറി ക്ഷേമനിധി ഓഫിസര്‍ പി.ബി വിനോദ്, വി.എസ് അഭിലാഷ് ജോര്‍ജ്, ലോട്ടറി ഏജന്റ് പി.കെ അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
250 രൂപ മുഖവിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. 50 ലക്ഷം വീതം 10 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. മൂന്നും നാലും സമ്മാനങ്ങള്‍ 20 പേര്‍ക്കു വീതം ലഭിക്കും. ആകെ 65.11 കോടി രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുക. സെപ്തബംര്‍ 19 നാണ് ഓണം ബംമ്പറിന്റെ നറുക്കെടുപ്പ്. ബംമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.