കാസര്‍കോട്‌: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു. മത്സ്യക്കച്ചവടം, ഉണക്കമീന്‍ കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ളവരായിക്കണം. പ്രായപരിധി ഇല്ല. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50000 രൂപ പലിശരഹിത വായ്പയായി നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് തുടര്‍വായ്പയും ലഭിക്കും. അപേക്ഷാഫോം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മീനാപ്പീസിലെ സാഫ് നോഡല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 7306662170,964525674.