വയനാട്: ജില്ലയിലെ കര്‍ക്കിടക വാവുബലി മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, പൊലിസ്, വനംവകുപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വിത്യസ്തമായി തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ക്ക് നേരിട്ടെത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ജില്ലാ ഭരണകുടം ആലോചിക്കുന്നത്. തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള വാഹന നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ജൂലൈ 25ന് ഉച്ചയ്ക്ക് തിരുനെല്ലിയില്‍ ഗ്രാമപഞ്ചായത്ത്, കെ.എസ്.ആര്‍.ടി.സി, ആര്‍.ടി.ഒ, പൊലിസ്, വനംവകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനമായി. ഗതാഗത തടസവും ജനതിരക്കും നിയന്ത്രിക്കാന്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ നടപടി സ്വീകരിക്കും. ഇതിനായി പൊലിസിനെ കൂടാതെ എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കും.
ജില്ലയില്‍ വാവുബലിയോടനുബന്ധിച്ച് കൂടുതല്‍ പേരെത്തുന്ന ക്ഷേത്രങ്ങളാണ് തിരുനെല്ലിയും പൊന്‍കുഴിയും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ഇരു ക്ഷേത്രങ്ങളിലെയും ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുക. കെ.എസ്.ഇ.ബി, വാട്ടര്‍ അതേറിട്ടി, ആംബൂലന്‍സ് തുടങ്ങിയ സൗകര്യങ്ങളും ഇരു ക്ഷേത്രങ്ങളിലും ഒരുക്കും. കൂടാതെ കാട്ടിക്കുളം, തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ലഭ്യമാക്കും.തകര്‍ന്ന റോഡുകള്‍ അടിയന്തരമായി ഗതാഗത യോഗ്യമാക്കാനും റോഡിനിരുവശവുമുള്ള കാടുകള്‍ വെട്ടി തെളിക്കാനും നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടികള്‍ പരിശോധിക്കാനും തീരുമാനമായി. ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണം നല്‍കും. ഡി.ടി.പി.സിയുടെ രാത്രി നിവാസ്, പി.ഡബ്ല്യു.ഡി കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് താമസ സൗകര്യത്തിനായി പരിഗണിക്കും. താത്ക്കാലിക ടോയിലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കാട്ടാന ശല്യം രൂക്ഷമായ പൊന്‍കുഴിയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ പട്രോളിംഗ് നടത്താന്‍ നിര്‍ദേശം നല്കി. പൊന്‍കുഴിയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ വാവുബലി ദിവസം പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ എട്ടുവരെ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യവും ക്ഷേത്രം ഭാരവാഹികള്‍ മുന്നോട്ടു വച്ചു. ഇത്തവണ ജലാശയങ്ങളില്‍ വെള്ളം കൂടിയതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ഗതാഗത തടസം ഒഴുവാക്കാന്‍ ഇരു ക്ഷേത്രങ്ങളിലേക്കുമുള്ള അനധികൃത സ്വകാര്യ വാഹന സര്‍വീസുകളെ കര്‍ശനമായി നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി.