കല്‍പ്പറ്റ: ആരോഗ്യമേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ കുടുംബശ്രീ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. വയോജന പരിപാലനത്തിലും ആതുരശുശ്രൂഷയിലും സ്നേഹ സ്പര്‍ശമേകുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പും പരിചരണവും, ഗാര്‍ഹിക വയോജന പരിപാലനം, ലാബ് പരിശോധനകള്‍ക്കും ഡോക്ടറെ കാണുന്നതിനും വയോജനങ്ങളെ കൊണ്ടുപോകല്‍, മറ്റ് ആവശ്യാധിഷ്ഠിത നഴ്സിംഗ് സേവനങ്ങള്‍ എന്നിവയ്ക്കായി ഹര്‍ഷം പദ്ധതിയിലൂടെ പരിശീലനം ലഭിച്ച കുടുംബശ്രീ വനിതകളുടെ സേവനം ലഭ്യമാകും. പരിചരണത്തിനു സേവനദാതാക്കള്‍ക്കുള്ള ഫീസ് മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും. സേവനം ആവശ്യമുള്ളവര്‍ കുടുംബശ്രീ സ്നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202033. ഹര്‍ഷം പദ്ധതിയില്‍ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ സി.ഡി.എസ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം.