സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ വാതിൽപ്പടി സേവന പൈലറ്റ് പദ്ധതിക്ക് ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ക്ലാപ്പന വരവിള ഗവ.എൽ പി സ്കൂളിൽ നടന്ന ചടങ്ങ് എ എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.സി.ആർ മഹേഷ് എം എൽ എ അദ്ധ്യക്ഷനായി.

പ്രായാധിക്യം ചെന്നവർ, ഗുരുതരരോഗം ബാധിച്ചവർ, വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും അതിദാരിദ്ര്യം ഉള്ളവർ, ഒറ്റപ്പെട്ടുപോയവർ, തുടങ്ങിയവർക്ക് സുരക്ഷിതമായ ജീവിതത്തിന് ആവശ്യമായ സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ മസ്​റ്ററിങ്​, ലൈഫ് പദ്ധതി, സാമൂഹിക സുരക്ഷാ പെൻഷനുകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായം, ജീവൻ രക്ഷാമരുന്നുകളുടെ വിതരണം എന്നീ സേവനങ്ങൾ ലഭ്യമാക്കും.

സംസ്ഥാനത്താകെ 50 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ വാതിൽപ്പടി സേവനം നടപ്പാക്കുന്നത്.

ഓരോ വാർഡിലും പഞ്ചായത്ത് അംഗത്തിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാകും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആശാവർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധസേവന വൊളന്റിയർമാർ എന്നിവരാകും കമ്മിറ്റിയിൽ ഉണ്ടാകുക.

സന്നദ്ധ പ്രവർത്തകർക്കുള്ള ഐ.ഡി കാർഡ് ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ് വിതരണം ചെയ്തു. വാതിൽപ്പടി സേവന പദ്ധതി വൈസ് ചെയർ പേഴ്സൺ കെ. അംബുജാക്ഷി വാതിൽപ്പടി സേവന പദ്ധതി ഗുണഭോക്തൃ പട്ടിക കൈമാറി.

ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഒ. മിനിമോൾ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എസ്.സുരേഷ്, കോ -ഓർഡിനേറ്റർ പ്രേംകുമാർ, സുരേഷ് താനുവേലി, സജീവ് ഓണമ്പള്ളി, പി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.