കോട്ടയം: പാർശ്വവത്കരിക്കപ്പെട്ടതും പ്രത്യേക പരിഗണന അർഹിക്കുന്നതുമായ കേസുകൾക്ക് പ്രാമുഖ്യം നൽകി നിയമസേവനം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച 45 ദിവസത്തെ പാൻ ഇന്ത്യ നിയമബോധവത്കരണ കാമ്പയിന്റെ ജില്ലാതല സമാപനം തിരുവഞ്ചൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം സേവനം ഉറപ്പാക്കാൻ നിയമസേവന അതോറിറ്റി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ശിശുദിനാഘോഷ പരിപാടികളുടെ നിറവിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജോൺസൺ ജോൺ അധ്യക്ഷത വഹിച്ചു.

ജില്ലാ അഡീഷണൽ-സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിശുദിന സന്ദേശം നൽകി. ഡി.എൽ.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ്‌കുമാർ, ബാർ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബെന്നി കുര്യൻ, ഏറ്റുമാനൂർ കുടുംബകോടതി ജഡ്ജി കെ.എൻ. പ്രഭാകരൻ, ജില്ലാ സർക്കാർ പ്ലീഡർ വി. ജയപ്രകാശ്, ഏറ്റുമാനൂർ ബാർ അസോസിയേഷൻ സെക്രട്ടറി ജെയ്‌സൻ ജോസഫ്, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.ഡി. മഹേശൻ, കെൽസ അംഗം ഷീജ അനിൽ, ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അനു ടി. തോമസ് എന്നിവർ പ്രസംഗിച്ചു.
മൂട്ട് കോർട്ട് മത്സരത്തിൽ വിജയികളായ അൻസു റബേക്ക കുര്യൻ അന്ന സന്തോഷ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ലയിലെ എട്ടു ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി നടത്തിയ ഗദ്യരചന, ചിത്രരചന മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. സാഹസികയാത്രകളിൽ ശ്രദ്ധേയനായ നിയോഗ് കൃഷ്ണ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിനുശേഷം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഒക്ടോബർ രണ്ടിനു തുടക്കമിട്ട നിയമബോധവത്കരണ കാമ്പയിലൂടെ ജില്ലയിൽ ഒരു ലക്ഷം പേർക്ക് നിയമാവബോധ ക്ലാസുകൾ നൽകി. ജില്ലയിലെ വിവിധ സ്‌കൂൾ-കോളജുകളിലെ വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ നിയമ അവബോധ ക്ലാസുകൾ നൽകി. പട്ടികജാതി-വർഗ കോളനികൾ കേന്ദ്രീകരിച്ച് പനച്ചിക്കാട്, മുണ്ടക്കയം, പുഞ്ചവയൽ, വൈക്കം, മേലുകാവ് എന്നിവിടങ്ങളിൽ നിയമ അവബോധ ക്ലാസുകളും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അതോറിറ്റിയുടെ 170 പാരാ ലീഗൽ വോളന്റിയർമാർ വഴി ജില്ലയിലുടനീളം വീടുവീടാന്തരം കയറിയിറങ്ങി നിയമബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, സെക്രട്ടറിമാർ, കുടുംബശ്രീ അംഗങ്ങൾ, അതിഥി തൊഴിലാളികൾ, കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് നിയമസഹായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. വില്ലേജ്, താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ, പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, കെ.എസ്.ഇ.ബി, ജലഅതോറിറ്റി, തപാൽ ഉദ്യോഗസ്ഥർക്കായി നിയമബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തിയിരുന്നു. ജയിലുകളിൽ തിരിച്ചറിവ് പരിപാടിയും വിവിധ വകുപ്പുകളുമായി ചേർന്ന് മത്സരങ്ങളും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു.