കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പു നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. യു.പി. വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തിൽ കോട്ടയം മൂലവട്ടം അമൃത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി വേദിക് സൂര്യ ഒന്നാംസ്ഥാനം നേടി. കോട്ടയം ഉമ്മിക്കുപ്പ സെന്റ് മേരീസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജാസിൻ ജിനോഷ്, ജോയൽ സാം ലോജി എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മഹാത്മാഗാന്ധിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ വായനാനുഭവ വിവരണ മത്സരത്തിൽ രാമപുരം എച്ച്.എസ്. ഗേൾസ് ഹൈസ്‌ക്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനികളായ അനഘ രാജീവ് ഒന്നാംസ്ഥാനവും എം.എസ്. ശ്രുതിനന്ദന രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും നൽകും.
