ഭൗമ സൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് നിലമ്പൂര്‍ തേക്കിനെ പ്രത്യേക കവറിലൂടെയും തപാല്‍ മുദ്രയിലൂടെയും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നു. മഞ്ചേരി തപാല്‍ ഡിവിഷന്‍ നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ സഹകരണത്തോടെ പുറത്തിറക്കുന്ന പ്രത്യേക തപാല്‍ കവറിന്റെ പ്രകാശനം നാളെ (നവംബര്‍ 17 ) രാവിലെ 11 ന് നിലമ്പൂര്‍ പോസ്റ്റ് ഓഫീസില്‍ അബ്ദുള്‍ വഹാബ് എം.പിക്ക് ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി.നിര്‍മ്മല ദേവി നല്‍കി നിര്‍വഹിക്കും. നിലമ്പൂര്‍ തേക്ക് സ്‌പെഷ്യല്‍ കവറിന്റെ വില്‍പനയും ഉണ്ടാകും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആധാര്‍ മേളയും മൈ സ്റ്റാമ്പും ഫിലാറ്റെലി മേളയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ എല്ലാ സേവനങ്ങളും മേളയില്‍ ലഭ്യമാകും. നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രയത്‌നഫലമായി 2016 ജനുവരി 18നാണ് നിലമ്പൂര്‍ തേക്കിന് ഭൗമസൂചിക പദവി ലഭിച്ചത്. ഒരു പ്രത്യേക ഉല്‍പന്നത്തിന്റെ ഗുണ മേന്മ അത് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളോടും സംസ്‌കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അവയെ തിരിച്ചറിയാനാണ് ഭൂമി ശാസ്ത്ര സൂചികകള്‍.
