അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് 2839 പേർ കൂടി പ്രവേശനം നേടി. സാക്ഷരതാമിഷൻ മികവുത്സവം എന്ന പേരിൽ നടത്തിയ സാക്ഷരതാ പരീക്ഷയിൽ 2839 പേർ പങ്കെടുത്തു. മുഴുവൻ പേരും തുടർ പഠനത്തിന് അർഹത നേടി. 100% വിജയം.
നിരക്ഷരതാ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സാക്ഷരതാ മിഷൻ സാക്ഷരതാ ക്ലാസുകൾ നടത്തിയിരുന്നത്. രണ്ടാമത് ബാച്ചിലെ പഠിതാക്കളുടെ പരീക്ഷയാണ് ഇപ്പോൾ കഴിഞ്ഞത്.
പരീക്ഷ എഴുതിയവരിൽ 2358 പേരും സ്ത്രീകളായിരുന്നു. 481 പുരുഷന്മാരും പരീക്ഷ എഴുതി. എസ്.സി. വിഭാഗത്തിൽ നിന്ന് 678 പേരും എസ്.ടി. വിഭാഗത്തിൽ നിന്ന് 12 പേരും പരീക്ഷ എഴുതി.
ഹരിപ്പാട് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. 690 പേർ. കുറവ് ഹരിപ്പാട് നഗരസഭയിലും. 20 പേർ.
പരീക്ഷ എഴുതിയവരിൽ പുലിയൂർ ഗ്രാമ പഞ്ചായത്തിലെ തങ്കമ്മ ഗോപാലപിള്ളയാണ് (85) ഏറ്റവും പ്രായം കൂടിയ പഠിതാവ്. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരിയായ ലക്ഷ്മി(12) യാണ് പ്രായം കുറഞ്ഞ പഠിതാവ്.
സാക്ഷരതാ പരീക്ഷ വിജയിച്ച മുഴുവൻ പേർക്കും സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ കോഴ്സിൽ ചേരാവുന്നതാണ്. സാക്ഷരതയുടെ മൂന്നാം ബാച്ചിൽ 3861 പേർ പഠനം തുടരുന്നുണ്ട്.