കുടുംബത്തിന്റെ ദയനീയ സ്ഥിതി വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെ അറിയിക്കും

അഴിക്കുള്ളില്‍ പൂട്ടിയിട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ സംരക്ഷിക്കുന്ന അമ്മയെക്കുറിച്ച് മാധ്യമവാര്‍ത്തകളിലൂടെ അറിഞ്ഞ വനിതാ കമ്മീഷന്‍ ഇരുവരെയും കാണാന്‍ വീട്ടിലെത്തി. ചെങ്കള ഉജ്ജംകോട്ടുള്ള ഒറ്റമുറി വീട്ടില്‍ കഴിയുന്ന അമ്മ രാജേശ്വരിയെയും മകള്‍ അഞ്ജലിയെയും കാണാന്‍ കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി.സതീദേവിയും കമ്മീഷന്‍ അംഗം ഷാഹിദാ കമാലും അണ് എത്തിയത്.

പുറത്തുവിട്ടാല്‍ മനോനില തെറ്റിയ മകള്‍ തന്നെയും വൃദ്ധയായ മാതാവിനെയും ആക്രമിക്കുന്നുണ്ടെന്ന് അമ്മ രാജേശ്വരി വനിതാ കമ്മീഷന്‍ അധ്യക്ഷയോട് പറഞ്ഞു. ഇത് സഹിക്കാനാവാതെയാണ് മുറിക്കുള്ളില്‍ പൂട്ടിയത്. സര്‍ക്കാര്‍ മൂന്ന് സെന്റ് ഭൂമിയും ലൈഫ് മിഷനില്‍ വീടും അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

ബംഗളുരുവില്‍ ആയുര്‍വേദ സിദ്ധ ചികിത്സ നടത്തി വരികയാണെന്നും ചികിത്സ പൂര്‍ത്തിയാക്കിയാല്‍ രോഗം കുറയുമെന്നാണ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചതെന്നും അമ്മ പറഞ്ഞു. വീട്ടില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലുമുള്ള സംവിധാനങ്ങള്‍ ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി അടിയന്തരമായി വനിതാ ശിശു വികസന വകുപ്പിനെ അറിയിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും അത്യാവശ്യമായ എല്ലാം ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഈ കുടുംബത്തിന് പ്രത്യേകപരിഗണന ആവശ്യമാണ്. അതിനാവശ്യമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. സിദ്ധ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി ചുമതലയേറ്റ പി സതീദേവി ആദ്യ സന്ദര്‍ശനത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയൂടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എത്തിയത്. കാസര്‍കോട് ജില്ലയെ അലട്ടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ തീരാ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് അഞ്ജലിയുടെ ജീവിതമെന്ന ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.