സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഡോക്യുമെന്ററിയുമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ‘നമ്മള്‍ ഒന്നാണ്’ എന്ന പേരില്‍ മലയാളം, കന്നഡ, തുളുഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

ജില്ലയുടെ ഭാഷാവൈവിധ്യങ്ങളും സംസ്‌കാരങ്ങളും കൂട്ടിച്ചേര്‍ത്താണ് ഡോക്യുമെന്ററിയില്‍ വികസനപ്രക്രിയയെ അടയാളപ്പെടുത്തിയത്. ടൂറിസം രംഗത്തെ പുതിയ പദ്ധതികള്‍, പാണ്ടി നെല്ലിത്തട്ടില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വൈദ്യുതിയെത്തിയത് തുടങ്ങിയവയെല്ലാം അവയുടെ ഉപഭോക്താക്കളായ ജനങ്ങളുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

ഗോത്രജന വിഭാഗങ്ങളുടെയും വ്യത്യസ്ത സാംസ്‌കാരിക മേഖലകളിലെ വ്യക്തികളുടെയും പങ്കാളിത്തം ഡോക്യുമെന്ററിയിലുണ്ട്. ജില്ലയിലെ എല്ലാ ലൈബ്രറികള്‍ കേന്ദ്രീകരിച്ചും, പൊതുജനങ്ങള്‍ വന്നു പോകുന്ന കവലകളിലുമെല്ലാം ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

ഉദുമയില്‍ നടന്ന ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വി.ലക്ഷ്മിക്ക് സി.ഡി.മാതൃക കൈമാറി ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ കോഫീ ഹൗസിന്റെ ഉദ്ഘാടന വേദിയിലാണ് പ്രകാശനം നടന്നത്.