നിയമസഭാ വളപ്പിലെ വൃക്ഷ സസ്യസമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ‘ഡിജിറ്റൽ ഉദ്യാനം’ തയ്യാറായി. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു. ഒരു പ്രദേശത്തെ പൂക്കളുടെയും വൃക്ഷലതാദികളുടെയും വിശദ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി ഒരു സെർവർ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ക്യു.ആർ കോഡ് മുഖേന കണ്ടെത്താവുന്ന രീതിയിലാണ് ‘ഡിജിറ്റൽ ഉദ്യാനം’ രൂപകൽപന ചെയ്തിരിക്കുന്നത്. ഡോക്യുമെന്റ് ചെയ്യുന്ന ഡാറ്റയെ ഡിജിറ്റൈസ് ചെയ്ത് അതിനെ ക്യു.ആർ കോഡുമായി ബന്ധിപ്പിച്ചാണ് സംവിധാനം ഒരുക്കിയിട്ടുളളത്.

ഒരോ സസ്യത്തിനും പ്രത്യേക ക്യു.ആർ കോഡ്, പ്രത്യേക യു.ആർ.എൽ എന്നിവ നൽകിയിട്ടുണ്ട്. വൃക്ഷലതാദികളിൽ പതിപ്പിക്കുന്ന കോഡ് ക്യു.ആർ കോഡ് സ്‌കാനർ ഉപയോഗിച്ച് സ്‌കാൻ ചെയ്യുമ്പോൾ വെബ് പേജ് തുറക്കുകയും ചെടിയുടെ പൂർണ വിവരങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു. ഡാറ്റ ലഭിക്കുന്നതിനും ക്യു.ആർ കോഡും സെർവറും തമ്മിൽ ആശയവിനിമയം നടത്തുന്നതിനുമായി www.digitalgarden.niyamasabha.org എന്ന വെബ്‌സൈറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.

കേരള സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്‌സിറ്റി ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, ഗവേഷണ വിദ്യാർഥി അഖിലേഷ് എസ്.വി. നായർ എന്നിവർ ചേർന്നാണ് ‘ഡിജിറ്റൽ ഗാർഡൻ’ എന്ന ആശയം പൂർത്തിയാക്കിയത്. ഈ സംരംഭത്തിന് വേണ്ട സാങ്കേതിക സഹായം നൽകിയത് നിയമസഭാ സെക്രട്ടേറിയറ്റിലെ വിവര സാങ്കേതിക വിദഗ്ദ്ധരാണ്.