അറുപത്തെട്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം നിലമ്പൂര്‍ സര്‍ക്കിള്‍ തല ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സഹകരണ മേഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് ഈ പരിപാടി നടക്കുന്നതെന്നും പാവപ്പെട്ടവരുടെ ജീവിതത്തിന് ഏറെ ഉപകാരപ്രദമാകുന്ന സഹകരണപ്രസ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒ.സി.കെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം അധ്യക്ഷനായി.

വിവിധ കാലയളവുകളിലായി സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും 2022 ഒക്‌ടോബര്‍ 10നുള്ളില്‍ വിരമിക്കുന്നവരുമായ സഹകരണ വകുപ്പ് ജീവനക്കാരെ പരിപാടിയില്‍ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ജയരാജന്‍ സെമിനാര്‍ അവതരിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്പെഷ്യല്‍ ഓഫീസര്‍ എം.ശ്രീഹരി, സിസിയു ഡയറക്ടര്‍മാരായ ചെറിയാന്‍ ടി ജോണ്‍, മൊയ്തീന്‍കുട്ടി, അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.ബി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജയരാജന്‍, കെ.സി.ഇ.യു കെ.പി സത്യനാഥന്‍, സി.ഇ.ഒ മുസ്തഫ അബ്ദുല്‍ ലത്തീഫ്, കെ.സി.ഇ.എഫ് അനീഷ് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ എന്‍.പ്യാരിലാല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.ദേവാനന്ദ് എന്നിവര്‍ പങ്കെടുത്തു.