എറണാകുളം : വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാലയുടെ സമാപന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖല വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത് . തീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചെല്ലാനം തീര സംരക്ഷണ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. കൂടാതെ വെള്ളപ്പൊക്ക മാനേജ്മെന്റ് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എം പി മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിര വികസന പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ പരിസ്ഥിതി പ്രശ്നങ്ങളോടൊപ്പം അടിസ്ഥാന വിഭാഗത്തിന്റെ വികസനവും കണക്കിലെടുക്കണം. തീരദേശ മേഖല സംരക്ഷിക്കുമ്പോൾ പരിസ്ഥിതി സന്തുലനവും പരിഗണിക്കണം. കൂടാതെ ദ്വീപിൽ ടൂറിസം രംഗത്തുള്ള അനന്തസാധ്യതകളെ സംബന്ധിച്ച് വിദഗ്ദ പഠനം നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കണം എന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല സംഘടിപ്പിച്ചത്. ശില്പശാലയിലെ വിദഗ്ദ്ധ അഭിപ്രായവും പരമ്പരാഗതമായ നാട്ടറിവുകളും , ചർച്ചകളിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വൈപ്പിൻ കരയ്ക്കായി മാസ്റ്റർ പ്ലാൻ തയാറാക്കും.
പരിസ്ഥിതി പ്രവർത്തകൻ ഐ.ബി മനോജിനെ പൊന്നാടയണിച്ച് ആദരിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.