ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി കേന്ദ്രമാക്കി പുതിയ അഗ്രോ സർവ്വീസ് സെന്റർ അനുവദിക്കുമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫെർട്ടിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. കർഷകർക്ക് വരുമാനം ഉറപ്പാക്കിയാൽ മാത്രമേ അവർ കൃഷിയിൽ ഉറച്ചുനിൽക്കൂ. പ്രതിസന്ധികൾ പരിഹരിച്ച് കാർഷിക മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കും. കാലാവസ്ഥാ വ്യതിയാനം പോലുള്ള അവസ്ഥകളിൽ കൃഷിക്ക് ആവശ്യത്തിന് വെള്ളവും വളവും ലഭ്യമാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. വൃക്ഷ വിളക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച ജലസേചന വകുപ്പിനെയും മന്ത്രി അഭിനന്ദിച്ചു.

നാണ്യ വിളകൾക്ക് ജലസേചനം ഉറപ്പാക്കുന്ന കാർഷിക ജലസേചനപദ്ധതി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉടൻ പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഇറിഗേഷൻ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള മുഴുവൻ കർഷകരെയും ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിൽ 170 ഓളം ഏക്കറിലാണ് ജലസേചന സൗകര്യമുള്ളത്. മുന്നൂറിലധികം ഏക്കർ കൃഷിയിടത്തിലേക്ക് പദ്ധതിയുടെ പ്രയോജനം വ്യാപിപ്പിക്കാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

കൃഷിയിടങ്ങളിൽ സോളാർ പമ്പുകൾ സ്ഥാപിച്ച് കർഷകർക്ക് വൈദ്യുതി ചെലവ് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

ജലസേചനത്തിനായി ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് ചിറ്റൂരിലാണ്. കൃഷിയിടങ്ങളിൽ സോളാർ പമ്പുകളും പാനലുകളും സ്ഥാപിക്കുന്നതു വഴി കർഷകർക്ക് അധിക വരുമാനം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളം, വളം, വൈദ്യുതി എന്നിവയുടെ മിതമായ ഉപയോഗത്തിലൂടെ കൃഷി ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.