സംസ്ഥാനത്തൊട്ടാകെ അഞ്ച് സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂങ്കിൽമട, വലിയേരി, നാവിതൻകുളം, കുന്നങ്കാട്ടുപതി അത്തിച്ചാൽ, എന്നിവിടങ്ങളിൽ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ തങ്കമണിയിലും പദ്ധതി നിർമാണം ആരംഭിച്ചിട്ടുണ്ട്. 2022 മാർച്ചിനകം പദ്ധതികൾ പൂർത്തീകരിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമായ കൃഷിരീതികൾ കാർഷിക മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും കരടിപ്പാറ പോലെയുള്ള പദ്ധതികൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴനിഴൽ പ്രദേശങ്ങളിൽ ശരാശരി മഴയെക്കാൾ വളരെ കുറഞ്ഞ അളവ് മഴയാണ് ലഭിക്കുന്നത്. ഇതിനാൽ ഭൂഗർഭ ജലനിരപ്പ് വളരെയധികം താഴുകയാണ്. സൂക്ഷ്മ ജലസേചനത്തിലൂടെ ഇത് മറികടക്കാൻ കഴിയുമെന്നും കൂടുതൽ വിളവ് കർഷകർക്ക് ലഭിക്കുന്നതിനു ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വണ്ണാമട അരുണാചല കൗണ്ടര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ഇറിഗേഷൻ പദ്ധതി സ്വിച്ച് ഓണ്‍ കര്‍മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഫെര്‍ട്ടിഗേഷന്‍ സംവിധാനം ഉദ്ഘാടനം കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും നിര്‍വഹിച്ചു.
ജലവിഭവ വകുപ്പിന്റെ 2020- 21 പദ്ധതി വിഹിതമായ 3.1 കോടി രൂപ ഉപയോഗിച്ച് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ. ഐ.ഐ. ഡി.സി.) മേല്‍നോട്ടത്തിലാണ് കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 54 കർഷകർ ഗുണഭോക്താക്കളായ പദ്ധതി മുഖേന 171 ഏക്കറിലെ തെങ്ങ്, തീറ്റപ്പുല്ല്, ജാതി, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകൾക്ക് ജലസേചനത്തിനും വള പ്രയോഗത്തിനുള്ള സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്.
കെ.ഐ.ഐ.ഡി.സി. ജനറല്‍ മാനേജര്‍ ഡോ. സുധീര്‍ പടിക്കല്‍, കെ.ഐ.ഐ.ഡി.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എസ്. തിലകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്, ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം. സതീഷ്, പ്രിയദര്‍ശനി, ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.