പഞ്ചായത്തുകൾ അഴിമതി മുക്തമായി ജനപക്ഷത്ത് നിൽക്കണമെന്നും കാര്യക്ഷമമായ സിവിൽ സർവ്വീസിന്റെ ഭാഗമായി മെച്ചപ്പെട്ട സേവനം പൊതുസമൂഹത്തിന് നൽകണമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് വകുപ്പിന്റെ അവലോകന യോഗവും കെ എ എസ് ജേതാക്കൾക്കുള്ള അനുമോദനയോഗവും തിരുവനന്തപുരത്തെ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യായവും നീതിയും ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ ജനങ്ങളോടൊപ്പം നിൽക്കാൻ പഞ്ചായത്ത് വകുപ്പിലെ ഓരോ ജീവനക്കാരനും തയ്യാറാവണം. എല്ലാ മേഖലകളേയും പരിഗണിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ സാധിക്കണം. പരമ്പരാഗത രീതികളിൽ അഭിരമിക്കാതെ മാനവീകവും സർഗാത്മകവുമായി സേവനങ്ങൾ നൽകുന്നതിന് പഞ്ചായത്തുകളെ പ്രാപ്തമാക്കാനാണ് ഉദ്യോഗസ്ഥർ പരിശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.പതിനാലാം പദ്ധതിയുടെ മുന്നൊരുക്കങ്ങളിൽ ഏർപ്പെടുമ്പോൾ അനുദിനം മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ആവശ്യമായ തന്ത്രങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാവണം. പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ ഗുണനിലവാരത്തിലും വനിതകൾ, വയോജനങ്ങൾ, കുട്ടികൾ, ഭിന്നശേഷി വിഭാഗത്തിലുള്ളവർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവരുടെ ക്ഷേമത്തിലും ഊന്നൽ നൽകണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിന്റെയും വിവിധ പദ്ധതികളിലെ സംയോജന സാധ്യകളുടെയും സാധ്യതകൾ മനസിലാക്കി മുന്നേറാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും ഗുണമേൻമയുള്ള ജീവിതം നയിക്കുന്നത് കേരളത്തിലാണ്. ഈ കേരള മാതൃക കൂടുതൽ ഈടുറ്റതാക്കാൻ വാതിൽപ്പടി സേവനത്തിലൂടെയും ലൈഫ് മിഷൻ പദ്ധതിയിലൂടെയും അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിലൂടെയും ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകുന്നതിലൂടെയും മികച്ച സേവനം ലഭ്യമാക്കുന്നതിലൂടെയും സാധിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
പഞ്ചായത്ത് വകുപ്പിൽ നിന്നും കെ എ എസിലേക്ക് നിയമന ശുപാർശ ലഭിച്ച ജീവനക്കാർക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, അഡീ. ഡയറക്ടർ എം പി അജിത് കുമാർ, ജോയിന്റ് ഡയറക്ടർ ബിനുൻ വാഹിദ് എന്നിവർ സംസാരിച്ചു.