ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം സ്പൈസസ് ബോര്‍ഡിന്റെ സഹകരണത്തോടുകൂടി ഇന്നും (17)നാളെയും (18) നടത്തുന്ന സൂഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ദ്വിദിന സാങ്കേതിക ശില്പശാലയുടെ ഉദ്ഘാടനം കട്ടപ്പനയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിച്ചു.

കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ‘ഒരു ജില്ല ഒരു ഉല്പന്നം’ (One District One Product) എന്ന പദ്ധതിയില്‍ ജില്ലയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള സൂഗന്ധദ്രവ്യങ്ങളില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും ഇവ വിദേശ മാര്‍ക്കറ്റുകളില്‍ കയറ്റുമതി ചെയ്യുന്നതിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം.

ചടങ്ങില്‍ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ്.സുരേഷ് കുമാര്‍ , കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സന്‍ ബീന ജോബി, വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജാന്‍സി ബേബി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബനഡിക്ട് വില്യം ജോണ്‍സ്, ഉടുമ്പഞ്ചോല താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ വിശാഖ് പി.എസ്. എന്നിവര്‍ സംസാരിച്ചു. സുഗന്ധവ്യഞ്ജങ്ങളിലെ പോസ്റ്റ് ഹാര്‍വസ്റ്റ് ടെക്‌നോളജിയെ സംബന്ധിച്ച് സ്‌പൈസസ് ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ വിജിഷ്‌ന വി ആദ്യ ദിനം ക്ലാസെടുത്തു.