നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
നമ്മുടെ നാട് ഭീകരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വനം വന്യജീവി വകുപ്പിന് സുപ്രധാന പങ്കുണ്ടെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം നാടിന്റെ സമ്പദ് ഘടനയ്ക്ക് കരുത്തു നല്‍കാന്‍ പര്യാപ്തമായ ദീര്‍ഘവീക്ഷണത്തോട് കൂടിയ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.
തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ വെട്ടിമുറിച്ചകോണ്‍, കോട്ടമണ്‍പുറം, കോമ്പൈ തുടങ്ങിയ പ്രദേശങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയില്‍ നെയ്യാര്‍ ഡാമിന് വലിയ സാധ്യതകളാണുള്ളത്. സംസ്ഥാനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസായി  ടൂറിസം മേഖലയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മലനിരകളെ കൂട്ടിയിണക്കി ഒരു ടൂറിസ്റ്റ് സര്‍ക്കിളിന് രൂപം കൊടുക്കാനാകുമോ എന്ന് ആലോചിച്ചു വരികയാണന്നും അതില്‍  നെയ്യാര്‍ ഡാമിന് മുഖ്യ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വനത്തെയും വന്യ ജീവികളെയും വനാശ്രിത സമൂഹത്തേയും സംരക്ഷിക്കുന്നതോടൊപ്പം പാരിസ്ഥിതിക വികസനവും ലക്ഷ്യം വച്ചുകൊണ്ട് പങ്കാളിത്ത വനപരിപാലനം എന്ന ആശയത്തില്‍ ഊന്നി പരിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും ആരംഭിക്കുന്നതിനുള്ള വനം വകുപ്പിന്റെ ശ്രമഫലമാണ് ഇത്തരം ഇക്കോ ടൂറിസം കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.
കൊമ്പൈ ടൂറിസം കേന്ദ്രത്തിന് ‘Nestler’s Harbour’ എന്നും വെട്ടിമുറിച്ച കോണിന് ‘Snug Haven’s എന്നും കോട്ടമണ്‍ പുറത്തിന് ‘Citadel’ എന്നും പേര് നല്‍കിയിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെ വനത്തിനുള്ളില്‍ രാത്രികാല താമസം, ബോട്ടിംഗ്, പക്ഷിനിരീക്ഷണം, ട്രക്കിംഗ് തുടങ്ങിയവ ഓരോ ടൂറിസം പ്രദേശങ്ങളിലേയ്ക്കുമുള്ള പാക്കേജുകളില്‍ ഉള്‍പ്പെടുന്നു.
ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.