തിരുവനന്തപുരം: സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാസ്‌കാരിക വകുപ്പ് ഒരുക്കുന്ന ‘സമം’ പദ്ധതിയുടെ ജില്ലാതല സംഘാടകസമിതിയോഗം ചേർന്നു. സാംസ്‌കാരിക വകുപ്പ്, ജില്ലാതല സംഘാടക സമിതിയിൽ ഉൾപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം അധ്യക്ഷത വഹിച്ച യോഗത്തിൽ കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിലുൾപ്പെടെ ജില്ലയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആദരിക്കപ്പെടേണ്ട വനിതകളെ കണ്ടെത്താൻ സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപ്പറേഷൻ വാർഡ് തലങ്ങളിലാണ് സബ്കമ്മിറ്റികൾ പ്രവർത്തിക്കുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബറിൽ നടത്താനും യോഗത്തിൽ തീരുമാനമായി.
സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവൻ, മലയാളം മിഷൻ, കേരള ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ കേരള ചലച്ചിത്ര വികസന കോർപ്പറേഷനാണ് ജില്ലയിലെ പദ്ധതിയുടെ നടത്തിപ്പ് ചുമതല. സെമിനാറുകൾ, ഡോക്യുമെന്റേഷൻ, നാടകം, പെൺ കവിയരങ്ങുകൾ, സ്ത്രീപക്ഷ നിയമ ബോധവത്കരണം, വനിതാ ചിത്രകലാ ക്യാമ്പ്, ചിത്രകല കളരി, പുസ്തക ചർച്ചകൾ, പ്രദർശനങ്ങൾ തുടങ്ങി 23ഓളം പരിപാടികൾ ഒരു വർഷം നീണ്ട് നിൽക്കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ഇ.മുഹമ്മദ് സഫീർ, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ എൻ. മായ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.എം അൻസാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീജ, ഫെല്ലോഷിപ് കലാകാരന്മാർ, കോഡിനേറ്റർമാർ, യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.