തിരുവനന്തപുരം: പോക്‌സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കൂടിയാലോചനാ യോഗം ചേര്‍ന്നു. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
2020 ല്‍ ഭേദഗതി വരുത്തിയ പോക്‌സോ നിയമം അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിശകലനങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഇവയിലെ വീഴ്ചകളും പോരായ്മകളും പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണം, കുട്ടികളുടെ ശാരീരികം, മാനസികം, സാമൂഹികം, വിദ്യാഭ്യാസപരം തുടങ്ങി വിവിധ മേഖലകള്‍ യോഗം ചര്‍ച്ച ചെയ്തു. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി ബാലാവകാശ കമ്മീഷന്‍ തയ്യാറാക്കിയ മാതൃകാ ചോദ്യാവലിയും വിവരലഭ്യതയിലുണ്ടാകുന്ന പോരായ്മകളും പോരായ്മകള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു.
കമ്മീഷനിലെ ജുവനൈല്‍ ജസ്റ്റിസ് സെല്‍ തയാറാക്കിയ പ്രത്യേക ചോദ്യാവലി യോഗത്തില്‍ അംഗീകരിച്ചു. ഈ ചോദ്യാവലി പ്രകാരമുള്ള വിവരങ്ങള്‍ ഓരോ മാസവും ബാലാവകാശ കമ്മീഷനില്‍ ലഭ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.കമ്മീഷന്‍ മെമ്പര്‍മാരായ ബബിതാ ബല്‍രാജ്, കെ.നസീര്‍, പി പി ശ്യാമളാദേവി, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ.ജോര്‍ജ്, സെക്രട്ടറി അനിതാ ദാമോദരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.