പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാന്‍ പൊന്നാനി നഗരസഭ. നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. അവധി ദിവസങ്ങളില്‍ ബീച്ച് കാണാന്‍ വരുന്ന സന്ദര്‍ശകരുടെ തിരക്കുമൂലം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗത കുരുക്കാണ് ഉണ്ടാകാറുള്ളത്. ഇതൊഴിവാക്കാനായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും വൈകീട്ട് മൂന്ന് മുതല്‍ വണ്‍വേ സമ്പ്രദായം നിര്‍ബന്ധമാക്കി.

ബീച്ചില്‍ നിന്ന് മടങ്ങി വരുന്ന വാഹനങ്ങള്‍ക്ക് കോടതിപ്പടിയില്‍ നിന്ന് ബസ് സ്റ്റാന്റ് വഴി മാത്രമായിരിക്കും യാത്രാ അനുമതി. പൊന്നാനി അങ്ങാടിയില്‍ നിരത്തിയിട്ട് ചരക്കുകള്‍ കയറ്റിറക്കം ചെയ്യുന്ന വാഹനങ്ങള്‍ക്ക് സമയപരിധിയും യോഗം നിശ്ചയിച്ചു. രാവിലെ എട്ടിന് മുമ്പും വൈകീട്ട് ഏഴിന് ശേഷമാത്രമായിരിക്കും വലിയ വാഹനങ്ങളുടെ ചരക്ക് കയറ്റിറക്കം അനുവദിക്കുന്നത്. ഗതാഗത പ്രശ്‌നം നിയന്ത്രിക്കുന്നതിന് വണ്ടിപ്പെട്ട, കോടതിപ്പടി എന്നിവിടങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. ഇവിടങ്ങളില്‍ പൊലീസിനെ സഹായിക്കുന്നതിനായി ട്രോമോകെയര്‍ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും.

ദേശീയ പാത ബൈപ്പാസ് റോഡിലുള്ള പോക്കറ്റ് റോഡ് ഉള്‍പ്പെടെയുള്ളിടത്ത് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ചമ്രവട്ടം ജംങ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്നതിന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സ്‌കൂള്‍ സോണുകളില്‍ വാഹന വേഗത നിയന്ത്രണത്തിനായി സ്പീഡ് ആന്‍ഡ് പ്രൊസീഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ധാരണയായി. കൂടാതെ നഗരത്തിലെ വണ്‍വേ സംവിധാനം പുന:പരിശോധിക്കുന്നതിനായി താലൂക്ക് സഭയുടെ പരിഗണനയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.

പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്മാരായ ഒ.ഒ ഷംസു, രജീഷ് ഊപ്പാല, ടി.മുഹമ്മദ് ബഷീര്‍, നഗരസഭാ എഞ്ചിനീയര്‍ സുജിത്ത് ഗോപിനാഥ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.സുജിത്ത്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം പ്രതിനിധി എം.വിനോദ്, പൊന്നാനി പോലീസ് സ്റ്റേഷന്‍ പ്രതിനിധികളായ എം.വി തോമസ്, അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.